കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ തട്ടാൻ ബി.ജെ.പി നീക്കം:കെ.സുധാകരൻ
തിരുവനന്തപുരം :വഖഫ് ബിൽ പാസാക്കി മുസ്ലിങ്ങളുടെ സ്വത്തിൽ ലക്ഷ്യമിട്ടതിനു പിന്നാലെ കത്തോലിക്കാ സഭയുടെ സ്വത്തുക്കളും പിടിച്ചെടുക്കാൻ ബി.ജെ.പി നീക്കം ആരംഭിച്ചതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം പി ആരോപിച്ചു.
ആർ.എസ്.എസ് മുഖപത്രമായ 'ഓർഗനൈസറി'ൽ പ്രസിദ്ധീകരിച്ച ലേഖന പ്രകാരം കത്തോലിക്കാ സഭയുടെ പക്കൽ 20,000 കോടി രൂപയുടെ സ്വത്തും 17.29 കോടി ഏക്കർ ഭൂമിയും ഉണ്ട്. വഖഫ് ഭൂമിയേക്കാൽ കൂടുതലാണ് സഭയുടെ ആസ്തി. 'ആർക്കാണ് കൂടുതൽ ഭൂമി, പള്ളിക്കോ വഖഫ് ബോർഡിനോ' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. ബ്രിട്ടീഷ് ഗവണ്മെന്റ് നൽകിയ ഭൂമി സഭയുടേതല്ലെന്ന് സർക്കുലർ ഉണ്ടെങ്കിലും തൃപ്തികരമായ രീതിയിൽ അവ പിടിച്ചെടുക്കാനായില്ല. ഭൂമിയുടെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും ആർ.എസ്.എസ് മുഖപത്രം പറയുന്നു.
കേന്ദ്രസർക്കാരിന്റെ 2021ലെ ഗവ. ലാൻഡ് ഇൻഫർമേഷൻ പ്രകാരം സഭയ്ക്ക് 2457 ആശുപത്രികളും 240 മെഡിക്കൽ കോളേജുകളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ ആസ്തിയുള്ള സർക്കാരിതര ഏജൻസിയാണ് സഭ. മതപരിവർത്തനത്തിനാണ് ഇത് ദുരുപയോഗം ചെയ്യുന്നത്.
വഖഫ് ബില്ലിൽ പ്രതിഷേധിച്ച് ബെന്നി ബെഹനാൻ എം.പി രാജിവച്ചെന്ന് അദ്ദേഹത്തിന്റെ ഫോട്ടോ വച്ച് കള്ളപ്രചാരണം നടത്തുന്ന പ്രസിദ്ധീകരണമാണ് ഓർഗനൈസറെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.