സർക്കാർ വഴിയടച്ചെങ്കിലും തോൽക്കാനില്ലെന്ന് ആശമാർ

Sunday 06 April 2025 1:10 AM IST

തിരുവനന്തപുരം: ആശമാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ വയ്ക്കണമെന്ന ഐ.എൻ.ടി.യു.സി യുടെ നിർദ്ദേശം അംഗീകരിച്ചതിലൂടെ സമരം ചെയ്യുന്നവർക്ക് മുന്നിൽ സർക്കാർ വാതിൽ കൊട്ടിയടച്ചെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ഇന്നലെ നാടകവും ചാക്യാർകൂത്തുമെല്ലാം റോഡിൽ അവതരിപ്പിച്ച് സമരം ഉഷാറാക്കി. വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ വ്യക്തമാക്കി.

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് മന്ത്രി വീണാജോർജ്ജ് കഴിഞ്ഞദിവസം ചർച്ച നടത്തിയതെന്ന് സമര സമിതി ആരോപിക്കുന്നു. ഓണറേറിയം വർദ്ധനയും വിരമിക്കൽ ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയെന്നതാണ് തങ്ങളുടെ ഡിമാന്റ്.ആവശ്യം അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും ഇവർ പറയുന്നു . ഏതുകമ്മിറ്റിയെ വയ്‌ക്കുന്നതിനോടും എതിർപ്പില്ലെന്നും ഇവർ ആവർത്തിക്കുന്നു.

മുൻപ് വേതനം കൂട്ടിയതും മറ്റു സംസ്ഥാനങ്ങളിൽ അടുത്തിടെ വേതനം വർദ്ധിപ്പിച്ചതും കമ്മിറ്റിയെ വച്ചിട്ടല്ല. ഇപ്പോൾ വേതന വർദ്ധനവിന് കമ്മിറ്റിയെന്ന വാദം ഉയർത്തുന്നത് സമരക്കാരെ പരിഹസിക്കാനാണെന്നും ഇവർ പറയുന്നു. മറ്റു തൊഴിലാളി യൂണിയനുകൾ തങ്ങളുടെ അംഗങ്ങൾക്ക് വേണ്ടി ആവശ്യപ്പെടാത്തകാര്യങ്ങൾ തങ്ങൾ ഉന്നയിച്ചപ്പോൾ, അതൊന്നും നടപ്പാക്കരുതെന്ന ഭരണ, പ്രതിപക്ഷ സംഘനകളുടെ നിലപാട് തൊഴിലാളികളോടുള്ള വെല്ലുവിളിയാന്നെന്നും സമരക്കാർ പറയുന്നു. 56 ദിവസത്തിലേക്ക് കടക്കുന്ന സമരത്തിന് പിന്തുണയേറുകയാണ് . ഇന്നലെ എച്ച്.എം.എസ് ദേശീയ സെക്രട്ടറിയും മുൻ എം.പി യുമായ തമ്പാൻ തോമസ് അടക്കമുള്ള നേതാക്കൾ സമരപ്പന്തലിലെത്തി.

നിരാഹാര സമരം

17-ാം ദിവസം

മൂന്നുപേരാണ് നിരാഹാര സമരം നടത്തുന്നത്.സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം തത്ത ഗോപിനാഥ്, പാല ജനറൽ ഹോസ്പിറ്റലിലെ ആശാ വർക്കർ ജതിക ജോസഫ്, പള്ളിച്ചൽ ഫാമിലി ഹെൽത്ത് സെന്ററിലെ ആശാവർക്കർ താര എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.