മുനമ്പത്തെ ജനതയെ കാണുന്നില്ല: വി. മുരളീധരൻ

Sunday 06 April 2025 1:13 AM IST

തിരുവനന്തപുരം: മധുരയിൽ പാർട്ടികോൺഗ്രസ് വേദിയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ മുനമ്പത്ത് കുടിയിറക്കഭീഷണി നേരിടുന്നവരെ കണ്ടില്ലെന്ന് വി. മുരളീധരൻ. കെ.സി.ബി.സിയും സി.ബി.സി.ഐയും മുന്നോട്ടുവച്ച ആവശ്യങ്ങളോട് എൽ.ഡി.എഫും യുഡിഎഫും മുഖംതിരിച്ചുവെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് ജനം പറയും മുൻപ് പിണറായി വിജയൻ രാജിവച്ചൊഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മകൾ ജയിലിലേക്ക് പോകുമ്പോഴും അച്ഛൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് ശരിയാണോ എന്ന് ആ പാർട്ടി ചിന്തിക്കണം. രാഷ്ട്രീയ ആക്രമണമാണ്,ഗൂഢാലോചനയാണ് എന്നെല്ലാം എ.കെ ബാലൻ പറയുന്നത് പിണറായിയെ ട്രോളാനാണെന്നും മുരളീധരൻ പരിഹസിച്ചു. എമ്പുരാന്റെ പേരിലല്ല,സിനിമയുടെ അണിയറക്കാർക്കെതിരെ ഇ.ഡിയുടെ നടപടിയുണ്ടാകുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.