തെറ്റുകൾ പരിഹരിക്കും, തിരുത്തലിന് പ്രചാരണം

Sunday 06 April 2025 1:13 AM IST

മധുര: പാർട്ടിക്കുള്ളിൽ ചിലയിടങ്ങളിൽ അഴിമതിയും മറ്റു ചില ദുഷ്‌പ്രവണതകളും റിപ്പോർട്ട് ചെയ്‌തെന്നും അവ തിരുത്താൻ കർശന നടപടി എടുത്തെന്നും സി.പി.എം പി.ബി അംഗം ബി.വി.രാഘവലു പറഞ്ഞു. തിരുത്തൽ നടപടികളുമായി ബന്ധപ്പെട്ട് പാർട്ടി ചില പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചകൾ ഇന്നലെ പൂർത്തിയായി. ഇന്ന് രാവിലെ കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് മറുപടി പറയും.

തെലങ്കാനയിലും മറ്റും ചില തെറ്റായ പ്രവണതകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അവ കണ്ടില്ലെന്നു നടിച്ച് തുടരാൻ പാർട്ടി തയ്യാറല്ല. അതിനാൽ അവ തിരുത്താനാണ് പാർട്ടി ശ്രമിക്കുന്നത്. ഈ നടപടി പ്രശംസിക്കപ്പെടണം. കേരളത്തിൽ സഹകരണ മേഖലയിൽ ചില അഴിമതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ചർച്ചകളിൽ വന്നില്ലെന്നും രാഘവലു പറഞ്ഞു.

കൊൽക്കത്താ പ്ളീനത്തിൽ കൈക്കൊണ്ട തിരുത്തൽ നടപടി തുടർ നടപടിയാണെന്നും ചില വിഷയങ്ങളിൽ സ്വീകരിക്കേണ്ട തിരുത്തൽ നടപടി സംബന്ധിച്ച് പാർട്ടി പ്രചാരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിന്റെ സമയക്രമം പിന്നീട് തീരുമാനിക്കും.

പ്രതിനിധി ചർച്ചകളിൽ ഉയർന്ന ചില ഭേദഗതികൾ നിലവിലെ സാഹചര്യങ്ങൾക്ക് യോജിച്ചതല്ലെന്ന് കണ്ട് തള്ളിയെന്നും അദ്ദേഹം അറിയിച്ചു. റിപ്പോർട്ടിന്റെ വലുപ്പം കുറയ്‌ക്കാൻ ചിലവ ഒഴിവാക്കേണ്ടി വന്നു. 174 ഭേദഗതികളാണ് ആകെ വന്നത്.

മുഖ്യമന്ത്രി പിണറായി വിജയന് പ്രായ പരിധിയിൽ ഇളവു നൽകുന്നത് ഇന്ന് ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും രാഘവലു പറഞ്ഞു. നദീജല തർക്കങ്ങളിൽ പാർട്ടിക്ക് താത്പര്യമില്ലെന്നും രാജ്യത്തെ ഒന്നിപ്പിച്ച് നിറുത്തലാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.