വിസ്മയിപ്പിച്ച് ഐ.എസ്.ആർ.ഒ റോക്കറ്റ് ഭാഗം ഭൂമിയിലെത്തി
തിരുവനന്തപുരം: ഉപഗ്രഹ വിക്ഷേപണത്തിൽ ചരിത്രമെഴുതി ഐ.എസ്.ആർ.ഒ മുന്നേറ്റം. വിക്ഷേപണത്തിനുപയോഗിക്കുന്ന റോക്കറ്റിന്റെ ഭാഗത്തെ ബഹിരാകാശ പരീക്ഷണശാലയാക്കിയും അതിനെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവന്നുമാണ് ചരിത്രമെഴുതിയത്. ബഹിരാകാശത്ത് മാലിന്യമായി അവശേഷിക്കുമായിരുന്ന റോക്കറ്റ് ഭാഗത്തെയാണ് ഇത്തരത്തിൽ പ്രയോജനപ്പെടുത്തിയത്. സ്പെഡക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനുപയോഗിച്ച പി.എസ്.എൽ.വി.സി 60 റോക്കറ്റിന്റെ ഭാഗത്തെ വെള്ളിയാഴ്ചയാണ് ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇന്ത്യയ്ക്കും ആസ്ട്രേലിയയ്ക്കും ഇടയിലുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ രാവിലെ 8.03നാണ് ഇത് വന്നുവീണത്. ഡിസംബർ 30നാണ് സ്പെഡക്സ് വിക്ഷേപിച്ചത്.
നാലുഭാഗങ്ങളുള്ള പി.എസ്.എൽ.വി റോക്കറ്റിന്റെ മൂന്നു ഭാഗങ്ങളിലും റോക്കറ്റിനു മുകളിലേക്ക് കുതിക്കാനുള്ള ഇന്ധനമാണ് നിറയ്ക്കുക. റോക്കറ്റ് ഉയർന്നുപൊങ്ങുന്നതിനിടെ ഇതെല്ലാം ഇന്ധനം തീരുന്ന മുറയ്ക്ക് കത്തിയമരും. ശേഷിക്കുന്ന നാലാംഭാഗത്താണ് വിക്ഷേപിക്കാനുള്ള ഉപഗ്രഹങ്ങൾ സൂക്ഷിക്കുക. അതിന്റെ വാതിലുകൾ തുറന്ന് ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിലേക്ക് തള്ളിയിട്ടാൽ ഈ നാലാംഭാഗവും ഉപേക്ഷിക്കാറാണ് പതിവ്. അത് അങ്ങനെ ഉപേക്ഷിക്കാതെ അതിൽ സോളാർ പാനലുകളും അല്പം ഇന്ധനവും കരുതിവച്ച് ചില ഉപകരണങ്ങളും നാവിഗേഷൻ സംവിധാനവും ക്യാമറയും പിടിപ്പിച്ച് ഒരു ബഹിരാകാശ പരീക്ഷണശാലയാക്കി മാറ്റുകയാണ് ഐ.എസ്.ആർ.ഒ ചെയ്തത്. പി.എസ്.എൽ.വി ഓർബിറ്റൽ എക്സ്‌പെരിമെന്റ് മൊഡ്യൂൾ (പോയം–4) എന്നാണിതിനിട്ടിരിക്കുന്ന പേര്.
കഴിഞ്ഞ ഡിസംബർ 30 ന് സ്‌പേഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പി.എസ്.എൽ.വി ദൗത്യത്തിന്റെ ഭാഗമായുണ്ടായിരുന്ന പി.എസ്.എൽ.വി ഓർബിറ്റൽ എക്സ്‌പെരിമെന്റ് മൊഡ്യൂൾ (പോയം–4) ബഹിരാകാശത്ത് 1000 ഭ്രമണപഥയാത്രകളാണ് പൂർത്തിയാക്കിയത്. അതിനുശേഷമാണതിനെ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
വിത്ത് മുളപ്പിക്കൽ
പോയം 4ൽ ഇത്തവണ പരീക്ഷണങ്ങൾക്കായി 24 ഉപകരണങ്ങളാണ് സൂക്ഷിച്ചിരുന്നത്. അതിൽ 14 എണ്ണം ഐ.എസ്.ആർ.ഒയുടെയും 10 എണ്ണം മറ്റ് സ്ഥാപനങ്ങളുടേതുമായിരുന്നു. ബഹിരാകാശത്ത് ആദ്യമായി ഐ.എസ്.ആർ.ഒ പയർവിത്ത് മുളപ്പിക്കൽ, സ്‌പേസ് റോബട്ടിക്സ് തുടങ്ങിയ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ചതും ഇത്തവണത്തെ സവിശേഷതയായിരുന്നു. ഐ.എസ്.ആർ.ഒയുടെ ഭൂമിയിലെ നാല് നിയന്ത്രണകേന്ദ്രങ്ങളിലും അമേരിക്കയുടെ സ്പെയ്സ് കമാൻഡ് ഫെസിലിറ്റിയിലുമായാണ് പരീക്ഷണങ്ങൾ ഏകോപിപ്പിച്ചത്.