കാലിലെ മുറിവുമായി കഴിഞ്ഞ യുവാവിനെ രക്ഷപ്പെടുത്തി

Sunday 06 April 2025 1:36 AM IST

കൊല്ലം: ഒരാഴ്ചയായി സിറ്റിയുടെ പല ഭാഗങ്ങളിലൂടെയും ഇഴഞ്ഞുനീങ്ങിയ അന്യ സംസ്ഥാനക്കാരനായ യുവാവിനെ രക്ഷപ്പെടുത്തി ജീവകാരുണ്യ പ്രവർത്തകർ. മുടി നീട്ടിവളർത്തി താടിയും മുഷിഞ്ഞ് നാറിയ വേഷധാരിയായ യുവാവിന്റെ അവസ്ഥ കണ്ട് നാട്ടുകാർ പൊതുപ്രവർത്തകനായ റോബർട്ടിനെ വിവരം ധരിപ്പിച്ചു. ഉടൻ അദ്ദേഹം ജീവകാരുണ്യ പ്രവർത്തകൻ ശക്തികുളങ്ങര ഗണേഷിനെയും ബാബുവിനെയും ശ്യാമിനെയും വിവരമറിയിച്ചു. ഇവരെത്തി യുവാവിനെ ആബുലൻസിൽ കയറ്റി പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇദ്ദേഹത്തെ വൃത്തിയാക്കാൻ സ്റ്റേഷൻ വളപ്പിൽ പൊലീസ് സൗകര്യങ്ങൾ ചെയ്ത് നൽകി. കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രങ്ങൾ നൽകിയ ശേഷം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.