വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം: കാരംകോട്ടെ 10 ഏക്കർ ഭൂമിക്കായി ആലോചന
കൊല്ലം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ വമ്പൻ പദ്ധതിയായ വിഴിഞ്ഞം- കൊല്ലം- പുനലൂർ വികസന തിക്രോണത്തിന് ചാത്തന്നൂർ കാരംകോട് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഉടമസ്ഥതയിലുള്ള 10 ഏക്കർ ഭൂമി ഉപയോഗപ്പെടുത്താൻ ആലോചന.
ഭൂമി ബോർഡിൽ നിന്ന് വാങ്ങാനോ ബോർഡിന്റെ ഉടമസ്ഥതയിൽ തന്നെ നിലനിറുത്തി പദ്ധതിയിൽ പങ്കാളിയാക്കാനോ ആണ് നീക്കം. വിഴിഞ്ഞം വഴി കയറ്റുമതി ചെയ്യാവുന്ന ഉത്പന്നങ്ങളുടെ നിർമ്മാണമാണ് കാരംകോട് ലക്ഷ്യമിടുന്നത്. കൊട്ടാക്കരയിൽ ലക്ഷ്യമിടുന്നത് പോലെ കിഴങ്ങുവർഗങ്ങൾ, മറ്റ് ഭക്ഷ്യവിളകൾ എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ഫുഡ് പ്രോസസിംഗ് പാർക്കിനാണ് സാദ്ധ്യത. ആലോചന യാഥാർത്ഥ്യമായാൽ ഇവിടം കേന്ദ്രീകരിച്ച് നൂറുകണക്കിന് പേർക്ക് തൊഴിൽ ലഭിക്കും.
ദേശീയപാത ഓരത്തെ സ്ഥലം അനുകൂലം
14 വർഷമായി കാടുമൂടി കിടക്കുന്നു
ഇവിടെ ലക്ഷ്യമിട്ട പദ്ധതി ചവറയിൽ പോയി
പുതിയ പദ്ധതിക്ക് അനുകൂലം ഐ.ടി പാർക്ക് സ്ഥാപിക്കണമെന്നും ആവശ്യം
ഭൂമിയുടെ ചരിത്രം
കാരംകോട് സ്പിന്നിംഗ് മില്ലിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഇപ്പോൾ കാടുകയറി കിടക്കുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഉടമസ്ഥയിലുള്ള 10 ഏക്കർ ഭൂമി. നിർമ്മാണ തൊഴിലാളികൾക്ക് ആധുനിക നിർമ്മാണ ശൈലികളിൽ വിദഗ്ദ്ധ പരിശീലനം നൽകാനുള്ള കൺസ്ട്രക്ഷൻ അക്കാഡമി സ്ഥാപിക്കാൻ 14 വർഷം മുമ്പ് 10 ഏക്കർ ഭൂമി സ്പിന്നിംഗ് മില്ലിൽ നിന്ന് ബോർഡ് വാങ്ങുകയായിരുന്നു. അതിന് പിന്നാലെ ബോർഡ് സാമ്പത്തിക പ്രതിസിന്ധിയിലായതോടെ പദ്ധതി ഉപേക്ഷിച്ചു. ഭൂമി വാങ്ങിയപ്പോൾ സ്ഥാപിച്ച സൈറ്റ് ഫോർ കൺസ്ട്രക്ഷൻ അക്കാഡമി എന്ന ബോർഡ് ഇപ്പോഴും സ്ഥലത്തുണ്ട്.
ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ ഐ.ടി പാർക്ക് ആരംഭിക്കണമെന്ന് ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അപ്പോൾ അദ്ദേഹം വിഴിഞ്ഞം- കൊല്ലം- പുനലൂർ വികസന ത്രികോണത്തിന് സ്ഥലം പ്രയോജനപ്പെടുത്തുന്ന കാര്യം ചൂണ്ടിക്കാട്ടി.
ജി.എസ്.ജയലാൽ എം.എൽ.എ