കേരള ഫുട്ബാളിലെ സുവർണ തലമുറയിലെ മിന്നും താരം

Sunday 06 April 2025 8:05 AM IST
ബാബുരാജ്

പയ്യന്നൂർ(കണ്ണൂർ)​: വി.പി.സത്യനും സി.വി പാപ്പച്ചനും ഐ.എം.വിജയനും ഷറഫലിയും ഹബീബ് റഹ്മാനും കുരികേശ് മാത്യുവുമടക്കമുള്ള കേരളത്തിന്റെയും കേരള പൊലീസിന്റെയും സുവർണതലമുറയിലെ മിന്നും താരമായിരുന്നു ഇന്നലെ വിടപറഞ്ഞ പയ്യന്നൂർ സ്വദേശി എം.ബാബുരാജ്. പയ്യന്നൂർ കോളേജിൽ കോച്ച് കെ.ഭരതന് കീഴിലാണ് പന്ത് തട്ടിത്തുടങ്ങിയത്.

1964ൽ പയ്യന്നൂർ അന്നൂരിലാണ് ബാബുരാജിന്റെ ജനനം.പയ്യന്നൂർ ടൗൺ സ്‌പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂ സ്റ്റാർ ക്ലബ്ബ് എന്നീ ടീമുകൾക്കായി നിരവധി ടൂർണമെന്റുകളിൽ 1980 -1985 കാലയളവിൽ ബൂട്ടണിഞ്ഞാണ് ബാബുരാജ് മികവിലേക്കുയരുന്നത്. പ്രശസ്ത കോച്ച് വിക്ടർ മഞ്ഞിലയുടെ കീഴിൽ കാലിക്കറ്റ് യൂണി വേഴ്സിറ്റിക്ക് വേണ്ടി നിരവധി മത്സരങ്ങളിലും കളിച്ചു. 1986ലായിരുന്നു പൊലീസിൽ ഹവിൽദാറായി നിയമനം ലഭിച്ചത്. വമ്പൻ താര നിര അടങ്ങിയ പോലീസ് ടീമിന്റെ ആദ്യ ഇലവനിൽ തന്നെ ബാബുരാജിന് സ്ഥാനം ലഭിച്ചിരുന്നു. കൊല്ലത്ത് നടന്ന സന്തോഷ് ട്രോഫിയിലും കേരളാ പോലീസ് ചാമ്പ്യൻമാരായ രണ്ട് ഫെഡറേഷൻ കപ്പിലും മിന്നും പ്രകടനമാണ് ബാബുരാജ് കാഴ്ച വച്ചത്. കണ്ണൂരിൽ വച്ച് നടന്ന പ്രശസ്തമായ ശ്രീനാരായണ കപ്പ് ടൂർണ്ണമെന്റിൽ കൊൽക്കത്ത മുഹമ്മദൻസ് സ്‌പോർട്ടിംഗ് ക്ലബ്ബിനെതിരെയുള്ള കളിയിൽ നേടിയ ഗോൾ ഇന്നും ആളുകൾ ഓർത്തുവെക്കുന്നുണ്ട്.2008 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും ബാബുരാജിനെ തേടിയെത്തി.അസിസ്റ്റന്റ് കമാൻഡന്റായാണ് പൊലീസിൽ നിന്നും വിരമിച്ചത്.