ചെന്നൈ പിന്നേം ചമ്മി
ചെന്നൈ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യമത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 25 റൺസിന് ചെന്നൈ സൂപ്പർ കിംഗസിനെ കീഴടക്കി.ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 183 റൺസെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈയ്‌ക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 158 റൺസെടുക്കാനെ കഴിഞ്ഞുളളൂ.
74/5 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ ചെന്നൈ.തുടർന്ന് ക്രീസിലൊന്നിച്ച എം.എസ് ധോണിയും (പുറത്താകാതെ 26 പന്തിൽ 30), വിജയ് ശങ്കറും ( 54 പന്തിൽ 69) വിക്കറ്റ് പോകാതെ പിടിച്ചു നിന്നെങ്കിലും വേഗത്തിൽ സ്കോർ ചെയ്യാനാകാതെ വന്നത് ചെന്നൈയ്‌ക്ക് തിരച്ചടിയായി. 84 റൺസാണ് ധോണിയും വിജയ്‌യും കൂടി ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ചെന്നൈയുടെ ഏറ്റവും മികച്ച ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ഡൽഹിക്കായി വിപ്‌രാജ് നിഗം രണ്ട് വിക്കറ്റ് വീഴ്‌ത്തി. സ്റ്റാർക്കും മുകേഷും കുൽദീപും ഓരോ വിക്കറ്റ് വീഴ്‌ത്തി.
നേരത്തേ കെ.എൽ രാഹുലിന്റെ ( 51 പന്തിൽ 77) തകർപ്പൻ ബാറ്റിംഗാണ് ഡൽഹിയെ മികച്ച സ്കോറിൽഎത്തിച്ചത്. അഭിഷേക് പോറൽ (33), ട്രിസ്റ്റൻ സ്റ്റബ്‌സ് (പുറത്താകാതെ 12 പന്തിൽ 24) എന്നിവരും തിളങ്ങി. ചെന്നൈയ്‌ക്കായി ഖലീൽ 2 വിക്കറ്റ് വീഴ്‌ത്തി. ഇത് പത്താം തവണയാണ് 180ന് മുകളിലുള്ള സ്കോർ പിന്തുടരാനാകാതെ ചെന്നൈ തോൽക്കുന്നത്.
വീണ്ടും ബുക്കെടുത്ത ദിഗ്‌വേഷിന് വൻപിഴ
ലക്‌നൗ: മുംബയ് ഇന്ത്യൻസിനെതിരായ മത്സരത്തിലും നോട്ട് ബുക്ക് ആഘോഷം പുറത്തെടുത്ത ലക്‌നൗ സ്പിന്നർ ദിഗ്‌വേഷ് സിംഗിന് മാച്ച് ഫീസിന്റെ 50 ശതമാനും പിഴയും 2 ഡിമെറിറ്റ് പോയിന്റും ശിക്ഷയായി ലഭിച്ചു. നമൻധിറിനെതിരെയായിരുന്നു വിവാദ വിക്കറ്റാഘോഷൺ.
നേരത്തേ പഞ്ചാബ് കിംഗ്‌സിനെതിരായ പോരാട്ടത്തിൽ പ്രിയാൻഷ് ആര്യയ്‌ക്കെതിരെ നോട്ട്ബുക്ക് ആഘോഷം നടത്തിയ ദിഗ്‍വേഷിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരുന്നു. 1 ഡിമെറിറ്റ് പോയിന്റും ലഭിച്ചരുന്നു.
അതേസമയം മത്സരത്തിൽ 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് വീഴ‌്‌ത്തിയ ദിഗ്‌വേഷാണ് കളിയിലെ താരമായത്. മത്സരത്തിൽ 12 റൺസിനാണ് ലക്‌നൗവിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 203 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ്ക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 191 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഒരുഘട്ടത്തിൽ വിജയവഴിയിലായിരുന്ന മുംബയ്യെഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് ലക്‌നൗ തളയ്ക്കുകയായിരുന്നു. സൂര്യകുമാർ യാദവ് (43 പന്തിൽ 67),നമൻ ധിർ (24 പന്തിൽ 46) എന്നിവർ മുംബയ്ക്കായി നന്നായി ബാറ്റ് ചെയ്തു.
രാജസ്ഥാൻ ജയ്പൂർ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 50 റൺസിന്റെ ജയം നേടി രാജസ്ഥാൻ റോയൽസ്. സഞ്ജു ക്യാപ്‌ടൻ സ്ഥാനത്തേക്ക് തിരിച്ചെത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 205 റൺസ് നേടി. മറുപടിക്കിറങ്ങിയ പഞ്ചാബിന്
20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 155 റൺസേ നേടാനായുള്ളൂ. സീസണിൽ പഞ്ചാബിന്റെ ആദ്യ തോൽവിയാണിത്. രാജസ്ഥാന്റെ രണ്ടാം ജയവും.
കഴിഞ്ഞ മത്സരങ്ങളിൽ തകർത്താടിയ പഞ്ചാബ് ബാറ്റിംഗ് നിരയെ ജോഫ്ര ആർച്ചറുടെ നേതൃത്വത്തിൽ രാജസ്ഥാൻ ബൗളർമാർ എറിഞ്ഞ് വരുതിയിലാക്കുകയായിരുന്നു.
പഞ്ചാബ് ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പ്രിയാൻഷ് ആര്യയെ (0) ക്ലീൻ ബൗൾഡാക്കിയ ആർച്ചർ ആ ഓവറിലെ അവസാന പന്തിൽ ക്യാപ്‌ടൻ ശ്രേയസ് അയ്യരുടേയും കുറ്റി തെറിപ്പിച്ച് പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ആർച്ചർ 4 ഓവറിൽ 25 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. മഹീഷ് തീക്ഷണ,സന്ദീപ് ശർമ്മ എന്നിവർ രണ്ടും കാർത്തികേയയും ഹസരങ്കയും ഓരോ വിക്കറ്റ് വീതവും നേടി.നേഹൽ വധേരയാണ് (41 പന്തിൽ 62) പഞ്ചാബിന്റെ ടോപ് സ്കോറർ.
ഗ്ലെൻ മാക്‌സ്‌വെല്ലും (21 പന്തിൽ 30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തേ യശ്വസി ജയ്സ്വാൾ (67) റിയാൻ പരാഗ് (പുറത്താകാതെ 25 പന്തി 43), സഞ്ജു സാംസൺ (38) എന്നിവരുടെ ബാറ്റിംഗാണ് രാജസ്ഥാനെ 200 കടത്തിയത്. പഞ്ചാബിന്റെ മൈതാനമായ മുല്ലൻപൂരിൽ ആദ്യമായാണ് ഒരു ഐ.പി.എൽ ടീം 200 കടക്കുന്നത്. പഞ്ചാബിനായി ലോക്കി ഫെർഗുസൻ 2 വിക്കറ്റ് വീഴ്‌ത്തി.
സഞ്ജുവിന് റെക്കാഡ്
രാജസ്ഥാന് ഏറ്റവും കൂടുതൽ ജയങ്ങൾ സമ്മാനിച്ച ക്യാപ്ടനെന്ന റെക്കാഡ് സഞ്ജു സ്വന്തമാക്കി. സ‌്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാന്റെ 32-ാം ജയമായിരുന്നു ഇന്നലത്തേത്. 31 ജയങ്ങളുള്ള ഷെയ്ൻ വോൺ രണ്ടാം സ്ഥാനത്തായി.
15 വർഷത്തിനിടെ ചെപ്പോക്കിൽ ഡൽഹിയുടെ ആദ്യ ജയമാണിത്. സീസണിൽ ഡൽഹിയുടെ തുടർച്ചയായ മൂന്നാം വിജയവുമാണിത്.