ബംഗാളിന് ഊർജ്ജമായി മലയാളി കരുത്ത് പവർ കോർപ്പറേഷൻ ഒന്നാമത്!
മൂവാറ്റുപുഴ: രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽ സെൻട്രൽ ഇലക്ട്രിക് അതോറിട്ടി നടത്തിയ പെർഫോമൻസ് ബേസ്ഡ് റാങ്കിംഗിൽ പശ്ചിമബംഗാൾ പവർ കോർപ്പറേഷൻ ഒന്നാമതെത്തിയപ്പോൾ കേരളത്തിനും അഭിമാനിക്കാം.
മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥനും മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുളളിചാലിൽ സ്വദേശിയുമായ പി.ബി. സലിമാണ് പശ്ചിമബംഗാൾ പവർ കോർപ്പറേഷന്റെ തലവൻ. മികച്ച നേട്ടത്തിന് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പി.ബി. സലിമിനെ അഭിനന്ദിച്ച് സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പിട്ടു.
2019-ൽ പി.ബി. സലിം കോർപ്പറേഷൻ സി.എം.ഡി. ആയി ചുമതലയേൽക്കുമ്പോൾ സ്ഥാപനം നഷ്ടത്തിലായിരുന്നു. ഒറ്റ വർഷം കൊണ്ട് 102 കോടി രൂപയുടെ ലാഭത്തിലെത്തിച്ച് മലയാളി ഉദ്യോഗസ്ഥൻ മികവ് തെളിയിച്ചു. ഇപ്പോൾ രാജ്യത്ത് ഒന്നാമതുമെത്തി.
ഇന്ത്യയിൽ ആകെ 201 താപവൈദ്യുത നിലയങ്ങളെയാണ് റാങ്കിംഗിൽ ഉൾപ്പെടുത്തിയിരുന്നത്. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എൻ.ടി.പി.സി., ഡി.വി.സി., സംസ്ഥാന താപവൈദ്യുത കമ്പനികൾ, സ്വകാര്യ മേഖലയിൽ റിലയൻസ്, അദാനി പവർ, ടാറ്റാ പവർ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഓരോ കമ്പനിയും എത്ര കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓൾ ഇന്ത്യ റാങ്കിംഗ് നിർണയിക്കുന്നത്. ഈ വർഷം പശ്ചിമ ബംഗാൾ പവർ കോർപ്പറേഷന്റെ സന്താൾധിഗി പവർ പ്ലാന്റ് ഒന്നാം റാങ്ക് നേടി.
1000 കോടി ലക്ഷ്യം കഴിഞ്ഞ വർഷം 800 കോടി രൂപ ലാഭമുണ്ടാക്കി. ഈ വർഷം ലക്ഷ്യമിടുന്നത് ആയിരം കോടിക്ക് മുകളിലാണ്.
കമ്പനിയിലെ മുപ്പതിനായിരത്തോളം വരുന്ന ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി ഭാവനാപൂർണമായ പദ്ധതികൾ നടപ്പിലാക്കിയാണ് നേട്ടം കൈവരിക്കാനായത്. ഓപ്പറേഷൻ മെയിന്റനൻസ്, എഫിഷ്യൻസി, കോൾ മൈനിംഗ്, ജസ്റ്റ് ഇൻ ടൈം റിപ്പയർ മെയിന്റനൻസ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന പത്ത് പോയിന്റ് സ്ട്രാറ്റജി നടപ്പാക്കിയതും വലിയ നേട്ടം കൈവരിക്കാൻ സഹായിച്ചു.