രാത്രി രണ്ട് മണിക്ക് അമ്മയ്ക്ക് വീഡിയോ മെസേജ്; യുവാവ് പറഞ്ഞത് മുഴുവന്‍ നാല് മാസത്തെ ദുരിതം

Sunday 06 April 2025 6:47 PM IST

കൊച്ചി: തൊഴിലിടത്തിലെ സമ്മര്‍ദ്ദം സഹിക്കാവുന്നതിലും അപ്പുറമായതോടെ ജീവനൊടുക്കി യുവാവ്. പത്തനംതിട്ട് ജില്ലയിലെ റാന്നി സ്വദേശി ജേക്കബ് തോമസ് (23) ആണ് കോട്ടയം കഞ്ഞിക്കുഴിയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് ചാടിയാണ് ജീവനൊടുക്കിയത്. ഐടി സ്ഥാപനത്തിലെ ജീവനക്കാരനായ ജേക്കബ് തനിക്ക് തൊഴിലിടത്തില്‍ നേരിടേണ്ടി വരുന്ന പീഡനത്തെക്കുറിച്ച് നിരവധി തവണ മാതാപിതാക്കളോട് പറഞ്ഞിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ജേക്കബ് തോമസ് തന്റെ മാതാവിന് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. ഇതില്‍ പറഞ്ഞിരുന്നത് മുഴുവന്‍ കൊച്ചി കാക്കനാട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ തനിക്ക് നേരിടേണ്ടിവന്ന ദുരിതത്തെക്കുറിച്ചായിരുന്നു. ജോലിസമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്നാണ് ഈ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. അതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലാണ് ജേക്കബ് തോമസ് ജോലി ചെയ്തിരുന്നത്.

ഡിഗ്രി പഠനത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജേക്കബ് സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി കൊച്ചിയിലെ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിച്ച് നാല് മാസം കഴിയുമ്പോഴാണ് യുവാവിന്റെ ആത്മഹത്യ. ഉറങ്ങാന്‍ പോലും സാധിക്കാത്ത രീതിയില്‍ ജോലിസമ്മര്‍ദ്ദം ജേക്കബ് നേരിട്ടിരുന്നതായാണ് കുടുംബം പറയുന്നത്. കുടുംബം പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.