ആർമി ടവർ പൊളി​ച്ചു പണി​യാൻ തുക പോരാ ! 211.49 കോടി വേണമെന്ന് ജില്ലാ കളക്ടർ

Monday 07 April 2025 12:56 AM IST

കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ജ് ആർമി ടവറുകൾ പൊളിച്ച് പുനർനിർമ്മിക്കാൻ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ വാഗ്ദാനം ചെയ്ത 175 കോടി രൂപ മതിയാകില്ലെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഹൈക്കോടതിയെ അറിയിച്ചു. ഈ ദൗത്യത്തിന് വാടക കൂടാതെ 211.49 കോടി രൂപ ചെലവ് വരുമെന്ന് ഹൈക്കോടതി ഉത്തരവിന്റെ റിവ്യൂ ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കളക്ടർ വ്യക്തമാക്കി.

പൊളിച്ചുമാറ്റുന്ന ബി, സി ടവറുകളിൽ നിന്ന് മാറി താമസിക്കുന്നതിന് നിശ്ചയിച്ച വാടകയിലും വ്യവസ്ഥകളിലും തർക്കങ്ങളുണ്ട്. വാടക നിരക്ക് പുനർനിശ്ചയിക്കുന്ന കാര്യം പരിഗണിക്കണമെന്നും കളക്ടർ പറയുന്നു. റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളാണ് റിവ്യൂ ഹർജിക്കാർ. ആറു വർഷം മുമ്പ് ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനാണ് (എ.ഡബ്ല്യു.എച്ച്.ഒ) ടവറുകൾ നിർമ്മിച്ചത്. എല്ലാ ചെലവുകൾക്കുമായി 175 കോടി രൂപ നൽകാമെന്നാണ് ഇവരുടെ നിലപാട്. തുടർന്ന് നടപടികൾക്കായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു.

ഉത്തരവാദി​ത്വം എ.ഡബ്‌ള്യു.എച്ച്.ഒയ്ക്ക്

208 ഫ്ലാറ്റുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കലും പൊളിച്ചുനീക്കലും പുനർനിർമ്മാണവും എ.ഡബ്ല്യു.എച്ച്.ഒയുടെ മാത്രം ഉത്തരവാദിത്വമാണ്. ഇതിനുള്ള സാദ്ധ്യമായ എല്ലാ പിന്തുണയും കളക്ടർ അദ്ധ്യക്ഷനായ സമിതി നൽകും. ഫണ്ട് കണ്ടെത്തലും വിനിയോഗിക്കലും വാടക നൽകലും കമ്മിറ്റിയുടെ ചുമതലയല്ല, എ.ഡബ്ല്യു.എച്ച്.ഒയുടേതാണെന്നും സത്യവാങ്മൂലത്തിൽ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.​

 വാടക 35000 - 38000 രൂപ വേണ്ടി​വരും

2024 മാർച്ച് 29-ന് ഇവിടെ താമസിക്കുന്നവർക്ക് 21000-23000 രൂപ നിരക്കിൽ വാടക അനുവദിക്കാമെന്നാണ് എ.ഡബ്ല്യു.എച്ച്.ഒയുടെ നിലപാട്. താമസക്കാരുടെ പദവിയും സേവനവും ജീവിതസാഹചര്യവും വിലയിരുത്തിയാൽ ഇത് മതിയാകില്ല. ബി, സി ടവറുകളിലെ ഫ്ലാറ്റുകളെല്ലാം 3 ബെഡ്റൂം ഫ്ലാറ്റുകളാണ്. സമാനമായ സമീപപ്രദേശങ്ങളിലെ ഫ്ലാറ്റുകൾക്ക് 35000 - 38000 രൂപ വാടകയും പുറമേ സർവ്വീസ് ചാർജുമുണ്ടെന്ന് കണയന്നൂർ തഹസിൽദാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എ ടവറും പരി​ശോധി​ക്കണം

ബി​, സി​ ടവറുകൾ പൊളി​ക്കുന്നതി​ന് മുന്നോടി​യായി​ ഇതേ കരാറുകാർ ഇതേ വസ്തുക്കൾ കൊണ്ട് നി​ർമ്മി​ച്ച തൊട്ടടുത്തുള്ള 14 നി​ല എ ടവറും അടി​യന്ത​രമായി​ പരി​ശോധി​ക്കണം.

സത്യവാങ്മൂലത്തി​ൽ നി​ന്ന്

1. രണ്ട് ടവറുകളും അപകടാവസ്ഥയിലാണ്. ഉടൻതന്നെ താമസക്കാരെ ഒഴിപ്പിക്കണമെന്നും മരട് ഫ്ലാറ്റ് പൊളിച്ച കമ്പനികൾ സ്ട്രക്ചറൽ വിദഗ്ദ്ധർക്കൊപ്പം കെട്ടിടങ്ങൾ പരിശോധിച്ച ശേഷം പറഞ്ഞിട്ടുണ്ട്.

2. പുനർനിർമ്മാണത്തിന് മുമ്പ് ഭൂരേഖകളിൽ ചന്ദേർകുഞ്ജ് ഭൂമി പുരയിടമാക്കി തരംമാറ്റാനുള്ള അനുമതി എ.ഡബ്ല്യു.എച്ച്.ഒ വാങ്ങണം.