കൊല്ലത്ത് ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ ഗാനമേളയിൽ ആർ എസ് എസ് ഗണഗീതം , നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി

Sunday 06 April 2025 7:06 PM IST

കൊല്ലം : കടയ്ക്കൽ ക്ഷേത്രത്തിൽ ഉത്സവപരിപാടിയിൽ വിപ്ലവ ഗാനം പാടിയതിനെ തുടർന്നുള്ള വിവാദത്തിന്റെ അലയൊലികൾ അടങ്ങുംമുമ്പ് കൊല്ലത്ത് വീണ്ടും ഗാനമേളയെ ചൊല്ലി വിവാദം. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ ആർ.എസ്.എസ് ഗണഗീതം പാടിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് കോട്ടുക്കൽ സ്വദേശി പ്രതിൻ പൊലീസിൽ പരാതി നൽകി. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ക്ഷേത്രമാണിത്. ക്ഷേത്ര പരിസരത്ത് ആർ.എസ്.എസിിന്റെ കൊടിതോരണങ്ങൾ കെട്ടിയതിൽ ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയും പരാതി നൽകിയിട്ടുണ്ട്.

ഇന്നലെയാണ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടന്നത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങളുടെ വിശദീകരണം. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോൺസർ ചെയ്തത്. അവർ നേരത്തെ തന്നെ ഈപാട്ട് പാടണമെന്ന് നിർദ്ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതർ പറയുന്നു. ആർ.എസ്.എസുമായി ബന്ധപ്പെട്ട രണ്ടു പാട്ട് പാടണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ അതിലൊന്ന് തങ്ങൾക്ക് അറിയില്ലെന്ന് മറുപടി നൽകിയിരുന്നു. നാഗർകോവിൽ ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.