എട്ടാംക്ളാസ് ഫലം പ്രഖ്യാപിച്ചു,​ കൂടുതൽ തോൽവി ഹിന്ദിക്ക്

Monday 07 April 2025 12:41 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മിനിമം മാർക്ക് അടിസ്ഥാനമാക്കിയുള്ള എട്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കൂടുതൽ പേരും തോറ്റത് ഹിന്ദിക്ക്. 3.87 ലക്ഷം വിദ്യാർത്ഥികളിൽ 42,810 പേർക്കും (12.69 ശതമാനം) ഹിന്ദിയിൽ ഇ ഗ്രേഡാണ്.ഏറ്റവും കുറവ് ഇ ഗ്രേഡ് ഇംഗ്ലീഷിനാണ്, 24,​192 പേർക്ക് (7.6 ശതമാനം). വിവിധ വിഷയങ്ങളിലായി 2,24,175 ഇ ഗ്രേഡുകളാണ് ലഭിച്ചിട്ടുള്ളത്.ഏകദേശം പത്ത് ശതമാനം കുട്ടികൾക്ക് എല്ലാ വിഷയത്തിനും ഇ ഗ്രേഡാണ് ലഭിച്ചതെന്നാണ് കണക്കുകൾ. 3136 സ്‌കൂളുകളിൽ എട്ടാം ക്ലാസ് പരീക്ഷ നടന്നു.595 സ്‌കൂളിലെ പരീക്ഷാഫലം ലഭ്യമാകാനുണ്ട്. ഇതിനുശേഷമേ കൃത്യമായ കണക്കുകൾ ലഭ്യമാകൂവെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിന്തുണ ആവശ്യമായവരുടെ കണക്ക് ഇതിനു ശേഷമേ ലഭ്യമാകൂ. ഏറ്റവും കൂടുതൽ വിഷയങ്ങൾക്ക് ഇ ഗ്രേഡ് ലഭിച്ചിരിക്കുന്നത് വയനാട് ജില്ലയിലാണ്. 6.3 ശതമാനം. കുറവ് കൊല്ലം ജില്ലയിലാണ്, 4.2 ശതമാനം. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ പ്രഥമാദ്ധ്യാപകർ ഇന്ന് രക്ഷിതാക്കളെ അറിയിക്കും. കുട്ടികൾക്ക് എട്ട് മുതൽ 24 വരെ പിന്തുണാ ക്ലാസുകൾ നൽകും. കുട്ടി നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിന്റെ ക്ലാസിൽ ഹാജരായാൽ മതി.സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് അധിക പിന്തുണ ക്ലാസുകൾ നൽകുന്നത് നിരീക്ഷിക്കുന്നതിനും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ജില്ലാതല മോണിട്ടറിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.