ചികിത്സ വിരൽത്തുമ്പിൽ, 751 ആശുപത്രികൾ ഇ-ഹെൽത്തിൽ

Monday 07 April 2025 12:42 AM IST

കോഴിക്കോട്: ആശുപത്രി സേവനങ്ങൾക്ക് ഇനി മണിക്കൂറുകൾ കാത്തിരിക്കേണ്ട, സംസ്ഥാനത്തെ 751 ആതുരാലയങ്ങൾ ഇ -ഹെൽത്തിലേക്ക് മാറി. ഡോക്ടറുടെ സേവനവും മരുന്നുവാങ്ങലും ഉൾപ്പെടെ ചികിത്സാസംബന്ധമായ എല്ലാം ഓൺലൈനിലൂടെ സമയബന്ധിതമാക്കാൻ സാധിക്കും. യു.എച്ച്.ഐ.ഡി കാർഡിലൂടെ ചികിത്സകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനാൽ പ്രൈമറിതലം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ചികിത്സ ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും.

18 മെഡിക്കൽ കോളേജുകൾ, 33 ജില്ല ജനറൽ ആശുപത്രികൾ, 86 താലൂക്ക് ആശുപത്രികൾ, 43 പ്രൈമറി ഹെൽത്ത് സെന്റ‌ർ, 501കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 50 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 14 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 3 പബ്ലിക് ഹെൽത്ത് ലാബ്, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ- ഹെൽത്ത് നടപ്പിലാക്കിയത്. സംസ്ഥാനത്ത് ഡയറക്ട്രേറ്റ് ഒഫ് ഹെൽത്ത് സർവീസ്, ഡയറക്ട്രേറ്റ് ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ എന്നിവയുടെ കീഴിലുള്ള 1400 ആശുപത്രികളിലാണ് ഇ-ഹെൽത്ത് സംവിധാനം ഒരുങ്ങുന്നത്. ഇതിൽ 50ശതമാനത്തോളം ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനമുണ്ട്.

2016 ലാണ് ഐ.ടി മിഷനുമായി ചേർന്ന് കേരള ആരോഗ്യവകുപ്പ് പദ്ധതി ആരംഭിച്ചത്. ആധാർ കാർഡ്, മൊബൈൽ ഫോൺ എന്നിവയിലൂടെ പെർമനന്റ് രജിസ്ട്രേഷൻ നടത്തി യു.എച്ച്.ഐ.ഡി കാർഡ് ലഭിക്കുന്നതോടെ ഓൺലൈൻ വഴി നിശ്ചിത സമയത്ത് ഡോക്ടറുടെ സേവനം ലഭ്യമാകും. ഒ.പി ടിക്കറ്റ് ബുക്കിംഗ്, ഡിജിറ്റൽ മെഡിക്കൽ റെക്കാഡുകൾ ലഭ്യമാക്കൽ, ലാബ് പരിശോധനാഫലങ്ങൾ ഡോക്ടർക്ക് നേരിട്ട് ലഭ്യമാക്കൽ തുടങ്ങിയവ വളരെ എളുപ്പത്തിലാകും.

കേരളത്തിലെ ഏത് സർക്കാർ ആശുപത്രിയിൽ നിന്നും ചികിത്സയുടെയും ടെസ്റ്റുകളുടെയും വിവരം ലഭിക്കും. താത്കാലിക യു.എച്ച്.ഐ.ഡി കാർഡുകൾക്ക് പകരം പെർമനന്റ് കാർഡുകൾ ഉപയോഗിച്ചാൽ മാത്രമേ ഡോക്ടർക്ക് രോഗിയുടെ ചികിത്സ ഹിസ്റ്ററികൾ വ്യക്തമാകുകയുള്ളൂ.

സംസ്ഥാനത്ത് 8,45,49,350 പേർ ഇ ഹെൽത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 2,61,21,766 (30.9%) ആളുകൾക്ക് പെർമനന്റ് യു.എച്ച്.ഐ.ഡി. കാർഡുണ്ട്. ഇതുവഴി 16,69,60,204 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

 മുന്നിൽ തിരുവനന്തപുരം

സംസ്ഥാനത്ത് കൂടുതൽ ആശുപത്രികൾ ഇ ഹെൽത്തായിട്ടുള്ളത് തലസ്ഥാന ജില്ലയിലാണ്. 111 ആശുപത്രികൾ. 82 ആശുപത്രികൾ ഇ ഹെൽത്തായ എറണാകുളമാണ് രണ്ടാമത്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് കുറവ്. 27 ആശുപത്രികൾ.

'' മുഴുവൻ ആശുപത്രികളെയും ഇ ഹെൽത്ത് സംവിധാനത്തിലേക്ക് മാറ്രുന്ന പ്രക്രിയ പുരോഗമിച്ചുവരികയാണ്. എത്രയും വേഗം അത് നടപ്പിലാക്കും.

- ഡോ.സന്ദീപ്, ഇ-ഹെൽത്ത് അഡി.പ്രോജക്ട് ഡയറക്ടർ