4811 പേരെ കബളിപ്പിച്ച് പൊലീസ് റാങ്ക് ലിസ്റ്റ്

Monday 07 April 2025 12:44 AM IST

 കാലാവധി തീരാൻ ഒരാഴ്ച മാത്രം

തിരുവനന്തപുരം: സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈമാസം 14 ന് അവസാനിക്കുമ്പോൾ പുറത്താകുന്നത് ജോലിക്ക് വിളി കാത്തിരുന്ന 4811 പേർ. ആകെ നടന്നത് 1836 നിയമനം. 6,647 പേർ ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണിത്.

ഇക്കുറി നടന്ന നിയമനങ്ങളെല്ലാം റിട്ടയർമെന്റ്‌ ഒഴിവുകൾ മാത്രമാണെന്നും പ്രൊമോഷൻ, സ്ഥലം മാറ്റം അടക്കമുള്ളവ ഇപ്പോഴും നിലനിൽക്കുകയാണെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. റാങ്ക് ലിസ്റ്റ് നിലവിൽവന്ന് രണ്ടുമാസത്തിനകം പ്രൊമോഷൻ വേക്കൻസി ഉണ്ടായെങ്കിലും അതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

7 ബറ്റാലിയനുകളിലായി 13,975 പേരുൾപ്പെട്ട കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്നും 4,788 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചേകാൽ വർഷത്തിനിടെ പുരുഷ പൊലീസിന്റെ 7,446 ഒഴിവുകളിൽ മാത്രമാണ് നിയമനം നടത്തിയത്. ഈ ലിസ്റ്റിനൊപ്പം പ്രസിദ്ധീകരിച്ച വനിതാ പൊലീസിന്റെ റാങ്ക് ലിസ്റ്റിലും 30 ശതമാനം നിയമനം പോലും നടന്നിട്ടില്ല.പൊലീസിന്റെ ജോലിഭാരവും സമ്മർദവും കുറയ്ക്കാൻ കൂടുതൽ നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴാണിത്.

□റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്: 2024 ഏപ്രിൽ 14 □മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവർ: 4725 □സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർ: 1922

നിയമനം കിട്ടിയവർ:  കൂടുതൽ പേർ മലപ്പുറം (എം.എസ് .പി ): 385 കുറവ് തിരുവനന്തപുരം (എസ് .എ.പി -1): 164

നിയമന നില

ബറ്റാലിയൻ ------------------നിയമന ശുപാർശ ------------മെയിൻലിസ്റ്റ് -----------മുൻ റാങ്ക് ലിസ്റ്റിലെ നിയമനം എസ് .എ.പി (തിരുവനന്തപുരം)-------164 ------------------------895 -------------------------718 കെ.എ.പി 3 ( പത്തനംതിട്ട )--------------- 228 ------------------------596 ------------------------804 കെ.എ.പി. 1 ( എറണാകുളം )------------186 ------------------------487 -------------------------644 കെ.എ.പി. 5 (ഇടുക്കി )-----------------------273 ------------------------494 ------------------------422 കെ.എ.പി. 2 ( തൃശൂർ )----------------------278 ------------------------827 ------------------------662 എം.എസ് .പി ( മലപ്പുറം )-------------------385 ------------------------741 ------------------------- 887 കെ.എ.പി. 4 ( കാസർകോട് )-------------322 ------------------------685 -------------------------642