ഏത് കോഴ്‌സെടുത്താലും സംരംഭകരാകാം

Monday 07 April 2025 1:47 AM IST

ലോകത്താകമാനം സംരംഭകത്വത്തിന് സാധ്യതയേറുകയാണ്. പുതിയ ബിസിനസ് ഉരുത്തിരിച്ചെടുക്കുന്നയാളാണ് സംരംഭകൻ (എന്റർപ്രണർ). ഇത് ഉൽപാദന,സേവന,ട്രേഡിംഗ് മേഖലകളിലാകാം.സംരംഭകൻ ഇന്നവേറ്ററും പുത്തൻ ആശയങ്ങളും ഉള്ള വ്യക്തിയായിരിക്കണം. വിദ്യാർത്ഥികൾ കാമ്പസിൽവച്ചു തന്നെ സംരംഭകരാകുന്ന സ്റ്റാർട്ടപ്പുകൾ രാജ്യത്താകമാനം വിപുലപ്പെട്ടു വരുന്നുണ്ട്. നിരവധി വിദ്യാർത്ഥികളാണ് സംരംഭകരാകാൻ താൽപര്യപ്പെടുന്നത്. പഠനത്തോടൊപ്പം സംരംഭകത്വ നൈപുണ്യശേഷി വളർത്തിയെടുക്കുക എന്നത് പ്രാധാനപ്പെട്ടതാണ്. ഇന്നവേഷൻ, ക്രിയേറ്റിവിറ്റി, ആശയവിനിമയം, സഹകരണം, തീരുമാനമെടുക്കൽ, റിസ്‌ക്ക്, വിവേക ബുദ്ധി, മാറ്റത്തിനനുസരിച്ച്/സാഹചര്യത്തിനനുസരിച്ച് മാറാനുള്ള ശേഷി എന്നിവ കൈവരിയ്ക്കണം.

പുത്തൻ ആശയവും തളരാത്ത മനസും

പുത്തൻ ആശയം സംരംഭകനാവശ്യമാണ്.സംരംഭങ്ങൾ പരാജയപ്പടാറുണ്ട്. പരാജയപ്പെട്ടാലും തളരാതെ മുന്നോട്ടു പോകുമെന്ന ഉറച്ച മാനസിക സ്ഥിതി അത്യന്താപേക്ഷിതമാണ്. നേതൃത്വപാടവം,നടത്തിപ്പ്,സമയക്രമം,പ്രതിബന്ധത എന്നിവ അത്യന്താപേക്ഷിതമാണ്.

പുത്തൻ ആശയത്തോടൊപ്പം സാങ്കേതിക വിദ്യ,പ്രാവർത്തികത,സാമൂഹിക അംഗീകാരം എന്നിവ പ്രത്യേകം വിലയിരുത്തണം. സംരംഭകത്വം എന്നത് ഹ്രസ്വദൂര ഓട്ടമത്സരമല്ല മാരത്തോണാണെന്ന് മനസിലാക്കണം. സാമൂഹിക അംഗീകാരം,നൈപുണ്യശേഷി, സാമ്പത്തിക സ്രോതസ് എന്നിവ ഇതിന് അത്യന്താപേക്ഷിതമാണ്.മനസ്സിലുള്ള ആശയത്തെ ഉൽപ്പന്നമോ/സേവനമോ ആക്കി മാറ്റാൻ ഇൻകുബേഷൻ കേന്ദ്രങ്ങളാവശ്യമാണ്. താൽപര്യം മാത്രം പോര,പുത്തൻ ആശയങ്ങളാണാവശ്യം. ഒരിക്കലും ഒറ്റയ്ക്ക് തന്നെ സംരംഭകനാകാമെന്ന് ധരിക്കരുത്. താൽപര്യമുള്ളവരെ കോ-ഫൗണ്ടർമാരാക്കാം.

ടെക്നോളജിക്ക് നിർണായക പങ്ക്

ആശയത്തെ പ്രവൃത്തിപദത്തിലെത്തിക്കുമ്പോഴാണ് ഫ്രീ ഇൻകുബേഷൻ, ഇൻകുബേഷൻ പ്രക്രിയകളാവശ്യം. ആവശ്യമായ പ്രോട്ടോടൈപ്പ് രൂപപ്പെടുത്തിയെടുക്കണം. ടെക്നോളജി ഇടപെടലുകളും അത്യന്താപേക്ഷിതമാണ്. വാലിഡേഷൻ, മൂലധനനിക്ഷേപം, ഉൽപ്പാദനം വർദ്ധിപ്പിയ്ക്കാനുള്ള ആക്‌സിലറേഷൻ, സ്‌കെയിലിംഗ് എന്നിവയും പ്രാവർത്തികമാക്കണം. സംരംഭകത്വത്തിൽ പ്രതിബന്ധങ്ങളേറെയുണ്ട്. മികച്ച ആത്മവിശ്വാസത്തോടെ അവ തരണം ചെയ്യണം. വിപണിയുടെ വളർച്ച, വിപണന സാധ്യത, പുത്തൻ സാങ്കേതിക വിദ്യ എന്നിവയിൽ വ്യക്തമായ ധാരണ വേണം. ടീം വർക്ക് രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കണം. ഡാറ്റ അനലിറ്റിക്‌സ്, സോഷ്യൽ മീഡിയ ഉപയോഗം, പ്രശ്‌ന പരിഹാരം, ഭാവന, ഓട്ടമേഷൻ, യൂസർ എക്‌സ്പീരിയൻസ്, ഉൽപ്പാദനക്ഷമത വർദ്ധനവ് എന്നിവയിൽ വ്യക്തമായ കാഴ്ചപ്പാടും നൈപുണ്യശേഷിയും ആവശ്യമാണ്.

സേവന മേഖലയിൽ സാധ്യതയേറെ

കോവിഡാനന്തരം വിദ്യാഭ്യാസ സ്‌കിൽ വികസന മേഖലയിൽ ഏറെ മാറ്റങ്ങൾ പ്രകടമാണ്. നൂതന സാങ്കേതിക വിദ്യകളും വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നുള്ള സഹകരണവും തൊഴിൽ ലഭ്യതയ്ക്ക് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ മേഖലകളിൽ ഡിജിറ്റലൈസേഷന് സാധ്യതയേറുന്നു.സ്വയം സുരക്ഷ, ന്യൂട്രീഷൻ, മികച്ച ആരോഗ്യത്തിനുള്ള ഭക്ഷണം, രോഗപ്രതിരോധ ശേഷി, ഇ-ഫാർമസി, ടെലിമെഡിസിൻ, ഓർഗാനിക് & ഹെർബൽ മരുന്നുകൾ എന്നിവയ്ക്ക് ആരോഗ്യമേഖലയിൽ പ്രസക്തിയേറുന്നു.

എഡ്യുടെക്ക്, ഹെൽത്ത് & വെൽനസ്സ്, ഫിനാൻഷ്യൽ സർവ്വീസസ്സ്, സോഫ്റ്റ് വെയർ സർവ്വീസസ്സ്, റിമോട്ട് വർക്കിംഗ് ടൂൾസ്, ഇ-കൊമ്മേഴ്‌സ്, ഡെലിവറി സർവീസ് എന്നിവയിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ കോവിഡാനന്തരം സാധ്യയേറെയാണ്.

സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ മികച്ച ഗൃഹപാഠം ആവശ്യമാണ്. 5% ൽ താഴെ സ്റ്റാർട്ടപ്പുകൾ മാത്രമെ മൂന്നുവർഷത്തിലധികം കാലയളവോളം നിലനിൽക്കുന്നുള്ളൂ. ഉപഭോക്താവിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന നൽകണം. ഇതിനാവശ്യമായ വിദ്യാഭ്യാസവും നൈപുണ്യശേഷിയും സംരംഭകൻ സ്വായത്തമാക്കണം. നിലവിലുള്ള സാങ്കേതിക വിദ്യ, ഇൻകുബേഷൻ സെന്ററുകൾ, വെഞ്ച്വർ കാപ്പിറ്റൽ, ഏൻജൽ ഫണ്ടിംഗ് സാധ്യതകൾ എന്നിവ പ്രയോജനപ്പെടുത്തണം. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹകരണം തേടണം. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ സേവനവും തേടാവുന്നതാണ്.