കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്
Sunday 06 April 2025 10:01 PM IST
പത്തനംതിട്ട: കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. വള്ളിക്കോട് ചിറക്കരോട്ടു വീട്ടിൽ രഘുവിനാണ് (45) പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴരയോടെ ആമ്പൽപൂഞ്ചിറയ്ക്ക് സമീപമുള്ള തോട്ടിൽ പോത്തിനെ കെട്ടാനായി എത്തിയതായിരുന്നു രഘു. ഈ സമയമായിരുന്നു ആക്രമണം. കാട്ടുപന്നി രഘുവിനെ കുത്തി മറിച്ചിട്ടു. തടയാൻ ശ്രമിച്ചപ്പോൾ രണ്ട് കൈയും പന്നിയുടെ വായിൽ അകപ്പെട്ടു. കൈകൾക്ക് ഒടിവുണ്ട്. മുഖത്തും സാരമായി പരിക്കേറ്റു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം രഘുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.