എം.എ ബേബി പത്തനംതിട്ടയുടെ സഹയാത്രികൻ

Sunday 06 April 2025 10:03 PM IST

പത്തനംതിട്ട: ജില്ലയുമായി ആത്മബന്ധമുള്ള നേതാവാണ് സി.പി.എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ ബേബി. പാർട്ടി നേതാവായും സാംസ്കാ‌രിക പ്രഭാഷകനായും സമര നായകനായും അദ്ദേഹം ജില്ലയ്ക്ക് സുപരിചിതനാണ്.

ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളുടെ സാംസ്കാരിക വേദികളിൽ സജീവമായിരുന്ന കവിയും സാംസ്കാരിക പ്രവർത്തകനുമായ കടമ്മനിട്ട രാമകൃഷ്ണനെ 1996ൽ ആറൻമുള നിയമസഭാ മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി മത്സരിപ്പിച്ചതിന് പിന്നിൽ എം.എ ബേബിയുട‌െ സ്വാധീനമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളു‌ടെ ചുമതലയേറ്റെടുത്ത ബേബി മണ്ഡലത്തിൽ ഏറെ ദിവസങ്ങൾ തങ്ങിയാണ് കടമ്മനിട്ടയെ വിജയത്തിലേക്ക് എത്തിച്ച തന്ത്രങ്ങൾ ആവിഷ്കരിച്ചത്.

അക്കാലത്ത് ബ്രാഞ്ച് തലം മുതലുള്ള സി.പി.എം നേതാക്കളുമായും പ്രവർത്തകരുമായും സാധാരണക്കാരുമായി നിരന്തരം ബന്ധം പുലർത്തി.

എം.എ ബേബി കൊല്ലം എസ്.എൻ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായിരിക്കെയാണ് കടമ്മനിട്ട രാമകൃഷ്നനുമായി സൗഹൃദത്തിലായത്. കോളേജിലെ കവിയരങ്ങുകളിലും ചൊൽക്കാഴ്ചകളിലും കടമ്മനിട്ടയെ മുഖ്യാതിഥിയാക്കിരുന്നു. പുരോഗമന കലാ സാഹിത്യസംഘത്തിൽ ബേബിയും കടമ്മനിട്ടയും ഒന്നിച്ച് പ്രവർത്തിച്ചു. കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ പ്രസിഡന്റാണ് എം.എ ബേബി.

മാർത്താേമ സഭ മുൻ അദ്ധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റവുമായി എം.എ ബേബി നടത്തിയ പ്രസിദ്ധമായ അഭിമുഖം 'ക്രൈസ്റ്റ്, മാർക്സ് ആൻഡ് ശ്രീനാരായണഗുരു" എന്ന ഇംഗ്ളീഷ് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരിസ്ഥിതി വാദിയായ ബേബി ആറൻമുള വിമാനത്താവള വിരുദ്ധ സമരത്തിൽ കവയിത്രി സുഗതകുമാരിക്കൊപ്പം മുൻനിരയിലുണ്ടായിരുന്നു. 2018 പ്രളയകാലത്ത് ആറൻമുള, കോഴഞ്ചേരി, പന്തളം ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും സഹായം എത്തിക്കുന്നതിന് നേതൃത്വം നൽകിയിട്ടുണ്ട്.