വിഷുവിന് കണികണ്ടുണരാൻ കണിവെള്ളരിയുമായി കുടുംബശ്രി
പത്തനംതിട്ട : വിഷുവിന് കണി കാണാൻ കുടുംബശ്രീ പ്രവർത്തകർ കൃഷിചെയ്ത കണിവെള്ളരിയുമുണ്ടാകും.
ജില്ലയിൽ 22.25 ഏക്കറിലാണ് കുടുംബശ്രീ കണിവെള്ളരി കൃഷി ചെയ്യുന്നത്. 28 സി.ഡി.എസുകളിലായി 51 വാർഡുകളിലാണ് കൃഷി . മിക്കവരും പ്രാദേശിക കർഷകരിൽ നിന്നാണ് വിത്തുകൾ വാങ്ങിയത്. ഹൈബ്രിഡ് വിത്തിനങ്ങൾ ഉപയോഗിക്കുന്നവരും ഉണ്ട്. പറക്കോട്, മല്ലപ്പള്ളി, റാന്നി, കോന്നി, പന്തളം, പുളിക്കീഴ്, കോയിപ്രം, ഇലന്തൂർ ബ്ലോക്കുകളിലായി 293 അംഗങ്ങളാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്. 69 കൂട്ടുത്തരവാദിത്വ കൃഷി സംഘങ്ങളിലുൾപ്പെട്ടവരാണിവർ. ഏറ്റവും കൂടുതൽ കൃഷി പറക്കോട് ബ്ലോക്കിലാണ്. അഞ്ച് ഏക്കറിൽ എഴുപത് അംഗങ്ങളാണ് കൃഷി ചെയ്യുന്നത്.
പന്തളത്താണ് കുറവ്. എഴുപത്തഞ്ച് സെന്റിൽ മൂന്ന് കൂട്ടുത്തരവാദിത്വ സംഘങ്ങളിൽ നിന്ന് 15 പേരാണ് കൃഷി ചെയ്യുന്നത്. പറക്കോടും പുളിക്കീഴും പത്ത് വാർഡുകൾ പദ്ധതിയിൽ പങ്കാളികളായിട്ടുണ്ട്. വേനൽമഴ ചെറിയ രീതിയിൽ ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും വിപണി ലക്ഷ്യമാക്കി നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ അംഗങ്ങൾ.
3 ലക്ഷം വരെ വായ്പ
കണിവെള്ളരി കൃഷി ചെയ്യുന്ന കൂട്ടുത്തരവാദിത്വ കൃഷി സംഘങ്ങൾക്ക് കുടുംബശ്രി ഒന്നിന് മൂന്ന് ലക്ഷം രൂപ വരെ വായ്പ നൽകും. കുടുംബശ്രീയുടെ തന്നെ വിഷു ചന്തകളിൽ വെള്ളരി വിറ്റഴിക്കും. കൃഷിയുടെ ലാഭം കൃഷി സംഘങ്ങൾക്കാണ്. വിപണി വിലയാണ് കണിവെള്ളരിക്ക് വിഷു ചന്തകളിൽ ഈടാക്കുന്നത്.
ബ്ലോക്കുകളും കൃഷി ചെയ്യുന്ന ഏക്കറും . കൃഷി ചെയ്യുന്ന അംഗങ്ങളുടെ എണ്ണം ബ്രാക്കറ്റിൽ
പറക്കോട് : 5 (70)
മല്ലപ്പള്ളി : 2.5 (28)
റാന്നി : 2.5 (20)
കോന്നി : 3 (32)
പന്തളം : 0.75 (15)
പുളിക്കീഴ് : 3(40)
കോയിപ്രം : 3(48)
ഇലന്തൂർ : 2.5 (40)
വിഷുവിന് കണിവെള്ളരി കൃഷി ഇത്തവണ മുതൽ വിപുലമാക്കാനാണ് ശ്രമം. ജില്ലയിൽ 22 ഏക്കറിൽ കൃഷി ചെയ്യുന്നുണ്ട്. വിഷു ചന്തയിൽ കുടുംബശ്രീ ഉല്പാദിപ്പിച്ച കണിവെള്ളരി വില്പനയ്ക്കുണ്ടാകും.
എസ്. ആദില
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ