തീരുവ വർദ്ധനയിൽ നേട്ടമുണ്ടാക്കാൻ അടക്ക കർഷകർ

Monday 07 April 2025 10:15 PM IST

ആഭ്യന്തര വില മെച്ചപ്പെടുമെന്ന പ്രതീക്ഷയേറുന്നു

കൊച്ചി: 'റോസ്റ്റഡ് നട്ട്' എന്ന പേരിൽ ഇന്തോനേഷ്യയിൽ നിന്ന് ഇറക്കുമതി നടത്തുന്ന ഉണങ്ങിയ അടക്കയ്ക്ക് കേന്ദ്രം ഇറക്കുമതി തീരുവ കൂട്ടിയതോടെ കേരളത്തിലെ കർഷകർക്ക് പ്രതീക്ഷയേറുന്നു. തീരുവയിലെ വർദ്ധന ഇന്തോനേഷ്യൻ റോസ്റ്റഡ് നട്ടിന്റെ വില കിലോയ്ക്ക് 45 രൂപവരെ കൂട്ടിയേക്കും. ആഭ്യന്തര വിപണിയിൽ കിലോയ്ക്ക് 260 രൂപയ്ക്ക് വിദേശ അടക്ക ലഭ്യമായതിനാൽ ആഭ്യന്തര കർഷകരുടെ ഉത്പന്നങ്ങൾക്ക്(നാടൻ ഇനങ്ങൾ) വില്പനയിൽ തിരിച്ചടി നേരിട്ടിരുന്നു. പുതിയ സാഹചര്യം നാടൻ ഇനങ്ങൾക്ക് അധിക വിലയും മികച്ച വിപണിയും ലഭിക്കാൻ സഹായകമാകും.

ഗുണമേന്മ അനുസരിച്ച് ഉണങ്ങിയ അടക്കയ്ക്ക് 320- 340 രൂപയാണ് വില. രാജസ്ഥാൻ, ഗുജറാത്ത്, മുംബയ്, മംഗലാപുരം എന്നിവയാണ് അടക്കയുടെ മുഖ്യ വിപണികൾ. നിലവിൽ ഡ്രൈ ഫ്രൂട്ട് എന്ന പേരിൽ മ്യാൻമാർ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും രാജ്യത്ത് അടക്ക എത്തുന്നുണ്ട്.

''റോസ്റ്റഡ് നട്ട് എന്ന പേരിൽ ഇറങ്ങുന്ന അടക്കയ്ക്ക് തീരുവ കൂടുന്നതോടെ കേരളത്തിൽ വില കൂടിയേക്കും. കർഷകർ‌ക്കും വ്യാപാരികൾക്കും ഒരുപോലെ ഗുണമാകുന്ന നീക്കമാണിത്

-ഷെഫീക് അഹമ്മദ്,

സുഗന്ധ വ്യഞ്ജന വ്യാപാരി

കേരളത്തിലെ പ്രധാന ഉത്പാദന കേന്ദ്രങ്ങൾ

മലപ്പുറം, കോഴിക്കോട്, പാലക്കാട്, കൊല്ലത്തിന്റെ കിഴക്കൻ മേഖല