കേരളത്തിൽ തേയില കൃഷിക്ക് കടുപ്പമേറുന്നു

Monday 07 April 2025 12:19 AM IST

ഉത്പാദനം തുടർച്ചയായി ഇടിയുന്നു

തൊടുപുഴ: കാലാവസ്ഥാ വ്യതിയാനവും ഉത്പാദന ചെലവിലെ വർദ്ധനയും കേരളത്തിൽ തേയില കൃഷിക്ക് തിരിച്ചടിയാകുന്നു. പ്രതിസന്ധികൾ നേരിടാനാവാതെ ചെറുകിട തോട്ടങ്ങൾ വൻതോതിൽ പൂട്ടിയതോടെ ഉത്പാദനം തുടർച്ചയായി ഇടിയുകയാണ്.

അതേസമയം തേയില ഉത്പാദനത്തിൽ ദക്ഷിണേന്ത്യയിൽ രണ്ടാം സ്ഥാനം നിലനിറുത്താൻ കേരളത്തിനായി. 2024- 25 വർഷത്തിൽ 42.6 ലക്ഷം കിലോഗ്രാമാണ് കേരളത്തിന്റെ ഉത്പാദനം. നിലവിൽ നൂറിനടുത്ത് തോട്ടങ്ങളിലായി 30306.82 ഹെക്ടർ സ്ഥലത്താണ് തേയില കൃഷിയുള്ളത്. ഇടുക്കിയിലെ പീരുമേട്, മൂന്നാർ താലൂക്കുകളാണ് ഉത്പാദനത്തിൽ മുന്നിൽ. വയനാട്ടിലെ മേപ്പാടി ഉൾപ്പെടെയുള്ള നാല് പഞ്ചായത്തുകളും പാലക്കാട് നെല്ലിയാമ്പതിയുമാണ് തൊട്ടുപിന്നിൽ. ടാറ്റ, ഹാരിസൺ തുടങ്ങിയ വൻകിട കമ്പനികളാണ് പ്രതിസന്ധിയ്ക്കിടെയിലും പിടിച്ചു നിൽക്കുന്നത്.

പ്രതികൂല സാഹചര്യങ്ങൾ

 ഹൈറേഞ്ചിൽ ചൂടുകൂടുന്നതിനാൽ ഉത്പാദനം കുറയുന്നു

 ചെറുകിട തോട്ടങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

 ഉത്പാദന ചെലവിലെ വർദ്ധന പ്രതിസന്ധി രൂക്ഷമാക്കുന്നു

 ഉയർന്ന വേതനവും തൊഴിലാളി ക്ഷാമവും തിരിച്ചടിയാകുന്നു

കേരളത്തിലെ ഉത്പാദനം

2020- 21 - 55.1 ലക്ഷം കിലോ ഗ്രാം

2021- 22 - 53.3 ലക്ഷം കിലോ ഗ്രാം

2022- 23 -45.2 ലക്ഷം കിലോ ഗ്രാം

2024- 25 - 42.6 ലക്ഷം കിലോ ഗ്രാം

ഉത്തരേന്ത്യ തേയിലയിൽ പിടിമുറുക്കുന്നു

രാജ്യത്ത് ഉത്‌പാദനത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് നിലവിൽ മുൻപന്തിയിൽ.

2024 -25 വർഷത്തിൽ 15.04കോടി കിലോഗ്രാമാണ് ആകെ തേയില ഉത്പാദനം. ഇതിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ 12.76 കോടി കിലോയും ദക്ഷിണേന്ത്യ 2.28 കോടി കിലോയും ഉത്പാദിപ്പിച്ചു. രാജ്യത്തെ പ്രധാന തേയില ഉത്പാദന കേന്ദ്രങ്ങൾ അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ്.

'ടീ ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പണം അനുവദിച്ചത് 2025 - 26 സാമ്പത്തിക വർഷത്തിലാണ്. മുൻകാലങ്ങളിൽ പരമാവധി 100 കോടി അനുവദിച്ചിരുന്നത് ഇത്തവണ 667 കോടിയായി കേന്ദ്ര ബഡ്ജറ്റിൽ ഉയർത്തി. പുതിയ പതിനഞ്ചിന വികസന ക്ഷേമപദ്ധതികൾ കേരളത്തിലെ തേയില വ്യവസായത്തിന് ഉണർവാകും."

-അഡ്വ. ടി.കെ. തുളസീധരൻ പിള്ള (ടീ ബോർഡ് മെമ്പർ)