ഗു​രു​ദേ​വ​ ​ശി​ഷ്യ​ന്റെ​ ​ക​ഥ​ക​ളി യോ​ഗത്തിൽ​ ​ആ​റാം​ ​ത​ല​മുറ

Monday 07 April 2025 12:36 AM IST

കൊച്ചി: കലാമണ്ഡലം നിലവിൽ വരുന്നതിനും മൂന്നു പതിറ്റാണ്ടു മുമ്പ് പൂർവികർ സ്ഥാപിച്ച കഥകളി യോഗത്തെ

ലക്ഷങ്ങൾ ചെലവിട്ട് നയിക്കുകയാണ് ആറാം തലമുറയിലെ എരൂർ മനോജ്. 120 വർഷം മുമ്പ് അവർണർക്ക് ക്ഷേത്രാരാധന വിലക്കപ്പെട്ടിരുന്ന കാലത്ത് ശ്രീനാരായണ ഗുരുദേവ ശിഷ്യനായ നരസിംഹ സ്വാമിയുടെ പ്രേരണയാൽ തൃപ്പൂണിത്തുറ എരൂരിൽ തുടക്കം കുറിച്ച ഭവാനീശ്വരി കഥകളി യോഗമാണ് മനോജിൽ എത്തി നിൽക്കുന്നത്.

1906ലാണ് എരൂർ കുട്ടനാശാൻ എന്ന സംസ്കൃത പണ്ഡിതൻ ജാതി കീഴ്‌വഴക്കങ്ങൾ ലംഘിച്ച് സ്വന്തമായി കഥകളിയോഗം സ്ഥാപിച്ചത്. ഭവാനീശ്വരി എന്ന പേര് നൽകിയതും നരസിംഹ സ്വാമിയായിരുന്നു.

കുട്ടനാശാന്റെ മകൻ നീലകണ്ഠൻ ആശാൻ ഏറ്റെടുത്ത കളിയോഗം അദ്ദേഹത്തിന്റെ കാല ശേഷം അടുത്ത ബന്ധുവും മദ്ദളക്കാരനുമായ പുതുവേലിൽ കൃഷ്ണൻകുട്ടി ഏറ്റെടുത്തു. കൃഷ്ണൻകുട്ടിയുടെ കൊച്ചു മകനാണ് എരൂർ മനോജ്. ഉടുത്തുകെട്ട്, ചുട്ടികുത്ത് കലാകാരനും ആടയാഭരണ നിർമ്മാതാവുമാണ്.

പ്രചോദനം

ആറാട്ടുപുഴ

ഈഴവർക്ക് ക്ഷേത്രകലകളിൽ വിലക്കുണ്ടായിരുന്ന കാലത്ത് എതിർപ്പുകളെ വെല്ലുവിളിച്ച് 1862ൽ കഥകളിയോഗം സ്ഥാപിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു കുട്ടനാശാന്റെ പ്രചോദനം. പച്ച തേച്ച് മുടിയോ, കിരീടമോ വച്ച് പുരാണ കഥാപാത്രങ്ങളുടെ വേഷമാടാൻ ഈഴവർക്ക് അവകാശമില്ലെന്ന് വാദിച്ചാണ് വേലായുധപ്പണിക്കരുടെ കഥകളിയോഗത്തെ സവർണർ എതിർത്തത്. തർക്കം ദിവാൻ ടി. മാധവറാവുവിന്റെ മുമ്പിലെത്തിയപ്പോൾ ഈഴവർക്ക് കഥകളി പലിശീലിക്കാനും കളിക്കാനും കഥകളിയോഗം സ്ഥാപിക്കാനും അനുമതി നൽകി.

ആടയാഭരണങ്ങൾക്ക്

ലക്ഷങ്ങൾ വേണം

ഒരു കഥാപാത്രത്തെ അരങ്ങിലെത്തിക്കാനുള്ള ആടയാഭരണങ്ങൾക്ക് 1.5 ലക്ഷം രൂപയോളം ചെലവ് വരും. പച്ച, കത്തി, താടി, കരി, മിനുക്ക്, പഴുപ്പ് തുടങ്ങിയ വ്യത്യസ്ത വേഷങ്ങൾക്ക് കോപ്പുകൾ വ്യത്യാസമുണ്ട്. ഏറ്റവും കൂടുതൽ കഥാപാത്രങ്ങളുള്ള പട്ടാഭിഷേകം (15 കഥാപാത്രങ്ങൾ) അരങ്ങിലെത്തിക്കാനുള്ള സംവിധാനങ്ങൾ വരെ ഭവാനീശ്വരി കഥകളിയോഗത്തിനുണ്ട്.

കഥകളിക്ക് ആസ്വാദകർ വർദ്ധിക്കുന്ന കാലമാണ്. കളിക്ക് മുമ്പ് കഥാസാരവും മുദ്രകളും വിശദീകരിച്ചാണ് അരങ്ങത്തെത്തുന്നത്. ക്ഷേത്രങ്ങൾക്ക് പുറത്തും വേദികളും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്.

-എരൂർ മനോജ്,