കേരള യൂണി. സെനറ്റ് യോഗം നാളെ
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗം നാളെ നടക്കും. ഏറ്റവും കുറഞ്ഞത് നാലുമാസത്തിൽ ഒന്ന് വീതം വർഷത്തിൽ മൂന്നു യോഗങ്ങൾ നടക്കണമെന്നിരിക്കെയാണിത്. നാലുവർഷ കാലാവധിയുള്ള സെനറ്റിന്റെ പകുതി കാലയളവ് പിന്നിടുമ്പോഴാണ് ആദ്യയോഗമെന്നത് ശ്രദ്ധേയമാണ്. അക്കൗണ്ട്സും ഓഡിറ്റുമുൾപ്പെടെയുള്ളവ ചർച്ച ചെയ്യേണ്ട സെനറ്റാണ് കൂടാതിരുന്നത്. പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യപ്രകാരം 2021-22വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തുടർച്ചയായി സെനറ്റ് യോഗങ്ങൾ നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു.
കെ.രാധാകൃഷ്ണൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവും
തൃശൂർ: കരുവന്നൂർ തട്ടിപ്പുകേസിൽ കെ. രാധാകൃഷ്ണൻ എം.പി ചൊവ്വാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകും. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ കഴിഞ്ഞ മാസം 17ന് സമർപ്പിച്ചിട്ടുണ്ടെന്ന് കെ. രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. രാധാകൃഷ്ണൻ തൃശൂർ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകളാണ് ഇ.ഡി പരിശോധിക്കുന്നത്. നേരത്തെ മൊഴിയെടുക്കാനായി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും പാർട്ടി കോൺഗ്രസുൾപ്പെടെയുള്ള കാരണം ചൂണ്ടിക്കാട്ടി എം.പി രേഖാമൂലം അസൗകര്യം അറിയിച്ചിരുന്നു.