ഗോൾരഹിതം മാഞ്ചസ്റ്റർ ഡർബി, തോൽവിയേറ്റ് ലിവർപൂൾ
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ഡർബി പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോൾഡിലാണ് മത്സരം നടന്നത്. അതേസമയം കിരീടത്തിലേക്ക് കുതിക്കുന്ന ലിവർപൂളിനെ ഇന്നലെ 3-2ന് ഫുൾഹാം അട്ടിമറിച്ചു. ആദ്യ പകുതിയിലാണ് ഫുൾഹാം മൂന്ന് ഗോളുകളും നേടിയത്. രണ്ടാം പകുതിയിൽ ലിവർപൂൾ രണ്ടെണ്ണം തിരിച്ചടിച്ചെങ്കിലും തോൽവി ഒഴിവാക്കാനായില്ല.
കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എവർട്ടൺ ആഴ്സനലിനെ സമനിലയിൽ പിടിച്ചു. എവർട്ടണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചു. 34-ാം മിനിട്ടിൽ ലിയനാഡോ ട്രൊസാൻഡ്രോയിലൂടെ മുന്നിലെത്തിയ ആഴ്സനൽ ആദ്യ പകുതിയിൽ മുന്നിട്ടുനിന്നെങ്കിലും 49-ാം മിനിട്ടിൽ ഇലിമാൻ എൻദ്യായേ പെനാൽറ്റിയിലൂടെ നേടിയ ഗോളിന് എവർട്ടൺ സമനില പിടിക്കുകയായിരുന്നു.
പോയിന്റ് പട്ടികയിൽ ലിവർപൂളിന് പിന്നിൽ രണ്ടാം സ്ഥാനത്താണെങ്കിലും കിരീടപ്രതീക്ഷ ഏറെക്കുറെ കൈവിട്ടിരിക്കുന്ന ആഴ്സനലിന് ഈ സമനില മറ്റൊരു തിരിച്ചടിയായി. 31 മത്സരങ്ങളിൽ നിന്ന് 62 പോയിന്റാണ് ആഴ്സനലിനുള്ളത്. ഒന്നാമതുള്ള ലിവർപൂളിന് 31 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുണ്ട്.