സിറാജിലൂടെ ഗുജറാത്ത്
സൺറൈസേഴ്സ് ഹൈദരാബാദ് 152/8
ഗുജറാത്ത് ടൈറ്റാൻസ് 153/3
സിറാജിന് നാലുവിക്കറ്റ്,ഗില്ലിന് അർദ്ധസെഞ്ച്വറി (61*)
ഹൈദരാബാദ് : ഇന്നലെ നടന്ന ഐ ലീഗ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴുവിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 152 റൺസിലൊതുങ്ങിയപ്പോൾ 16.4 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് ലക്ഷ്യത്തിലെത്തി . നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജാണ് ഈ സൺറൈസേഴ്സിനെ ഈ സ്കോറിലൊതുക്കിയത്. പ്രസിദ്ധ് കൃഷ്ണയും സായ് കിഷോറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിംഗിൽ 43 പന്തുകളിൽ ഒൻപത് ബൗണ്ടറികളടക്കം പുറത്താകാതെ 61 റൺസുമായി നായകന്റെ ഉത്തരവാദിത്വം കാട്ടിയ ശുഭ്മാൻ ഗില്ലും 49 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറും 35 റൺസ് നേടിയ ഷെർഫെയ്ൻ റൂതർഫോഡും ഗുജറാത്തിന് 20 പന്തുകൾ ശേഷിക്കേ വിജയം നൽകി.
ആദ്യ ഓവറിൽ ട്രാവിസ് ഹെഡിനെയും (8) അഞ്ചാം ഓവറിൽ അഭിഷേക് ശർമ്മയേയും(18)പുറത്താക്കി സിറാജ് സൺറൈസേഴ്സിന്റെ തുടക്കത്തിലേ പ്രഹരമേൽപ്പിച്ചു. എട്ടാം ഓവറിൽ ഇഷാൻ കിഷനെ(17) പ്രസിദ്ധ് കൃഷ്ണ പുറത്താക്കിയതോടെ അവർ 50/3 എന്ന നിലയിലായി.നിതീഷ് കുമാർ റെഡ്ഡി (31), ഹെൻറിച്ച് ക്ളാസൻ (27),അനികേത് വർമ്മ (18),ക്യാപ്ടൻ പാറ്റ് കമ്മിൻസ് (22 നോട്ടൗട്ട്) എന്നിവർ പൊരുതിയെങ്കിലും വലിയ സ്കോറിലേക്ക് എത്താൻ സിറാജും സായ് കിഷോറും പ്രസിദ്ധും അനുവദിച്ചില്ല.
നാലാം വിക്കറ്റിൽ നിതീഷും ക്ളാസനും കൂട്ടിച്ചേർത്ത 50 റൺസാണ് ഹൈദരാബാദ് ഇന്നിംഗ്സിന് അൽപ്പമെങ്കിലും ആശ്വാസം പകർന്നത്. 14-ാം ഓവറിൽ ക്ളാസനെയും 16-ാം ഓവറിൽ നിതീഷിനെയും പുറത്താക്കി സായ് കിഷോർ ഹൈദരാബാദിന്റെ മുന്നേറ്റം തടഞ്ഞു.
മറുപടിക്കിറങ്ങിയ ഗുജറാത്തിന് സായ് സുദർശൻ(5), ബട്ട്‌ലർ (0) എന്നിവരെ 16 റൺസ് എടുക്കുന്നതിനിടയിൽ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്ത് ഗില്ലും വാഷിംഗ്ടണും ചേർന്ന് വിജയത്തിന് അടിത്തറയിട്ടു, 29 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സും പായിച്ച വാഷിംഗ്ടൺ 14-ാം ഓവറിൽ പുറത്തായശേഷമിറങ്ങിയ റൂതർഫോഡ് 16 പന്തുകളിൽ ആറുഫോറും ഒരു സിക്സും പായിച്ച് ഗില്ലിനൊപ്പം വിജയത്തിലേക്കെത്തിച്ചു.
4-0-17-4
സിറാജിന്റെ ഐ.പി.എൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം
സിറാജ് മാൻ ഒഫ് ദ മാച്ച്
സൺറൈസേഴ്സിന്റെ ഈ സീസണിലെ നാലാം തോൽവി.
ഗുജറാത്തിന്റെ മൂന്നാം ജയം.