ചേസിംഗിൽ ചെന്നൈയ്ക്ക് ഈ വേഗം പോര !

Sunday 06 April 2025 11:45 PM IST

ധോണിയുടെയും വിജയ് ശങ്കറിന്റേയും വേഗം കുറഞ്ഞ ബാറ്റിംഗ് ശൈലിക്ക് വിമർശനം

ലോകത്തെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായ മഹേന്ദ്ര സിംഗ് ധോണിക്ക് തന്റെ കരിയർ നന്നായി ഫിനിഷ് ചെയ്യാൻ കഴിയില്ലേ എന്ന ആശങ്കയിലാണിപ്പോൾ ആരാധകർ. ഐ.പി.എല്ലിന്റെ തുടക്കം മുതൽ ആരാധക സഹസ്രങ്ങളുടെ ഹൃദയത്തുടിപ്പായ ധോണി ഈ സീസണോടെ ഐ.പി.എൽ അവസാനിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പക്ഷേ തങ്ങളുടെ ആ പഴയ ധോണിയെ കാണാനെത്തുന്ന സൂപ്പർകിംഗ്സിന്റെ ആരാധകർ വലിയ നിരാശയിലാണ്. 2011 ഏകദിന ലോകകപ്പിൽ ഹെലികോപ്റ്റർ ഷോട്ടിലൂടെ വിജയസിക്സടിച്ച ധോണിയിൽ നിന്ന് 44-ാം വയസിലേക്ക് അടുക്കുമ്പോൾ ആ പ്രകടനം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നത് ശരിവയ്ക്കുന്ന രീതിയിലാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രകടനം.

ഇത്തവണ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തപ്പോൾ കൊൽക്കത്തയ്ക്ക് എതിരെ ജയിക്കാനായത് മാത്രമാണ് ചെന്നൈയുടെ ഏക ആശ്വാസം. ആ കളിയിൽ ധോണി ബാറ്റിംഗിനിറങ്ങി രണ്ട് പന്തുകൾ നേരിട്ടെങ്കിലും റൺസെടുത്തിരുന്നില്ല. തുടർന്ന് നടന്ന മൂന്ന് മത്സരങ്ങളിലും ചെന്നൈ ചേസിംഗിനിറങ്ങി തോൽക്കുകയായിരുന്നു. ആർ.സി.ബിക്ക് എതിരെ 197 റൺസ് ലക്ഷ്യവുമായിറങ്ങി 146ലൊതുങ്ങിയപ്പോൾ ധോണി 16 പന്തുകളിൽ 30 റൺസുമായി പുറത്താകാതെനിന്നു. അവസാന ഒന്നോരണ്ടോ സിക്സടിച്ചാൽ ടീമിനെ ജയിപ്പിക്കാനാവില്ലെന്ന് വിമർശനമുയർന്നു. രാജസ്ഥാനെതിരെ 183 റൺസ് ചേസ് ചെയ്യാനിറങ്ങിയപ്പോൾ 176/6ലേ എത്തിയുള്ളൂ. ധോണി 11 പന്തുകളിൽ 16 റൺസെടുത്ത് പുറത്തായി. ഡൽഹിക്കെതിരെ 184 റൺസായിരുന്നു ലക്ഷ്യം. 10.4 ഓവറിൽ 74/5 എന്ന നിലയിൽ ധോണിയും വിജയ്ശങ്കറും ക്രീസിൽ ഒരുമിച്ചപ്പോൾ ജയിക്കാൻ 56 പന്തിൽ 111 റൺസ് വേണമായിരുന്നു. ട്വന്റി-20യിൽ അസാദ്ധ്യമായ ഒരു ലക്ഷ്യമായിരുന്നില്ല ഇത്. പക്ഷേ കളി അവസാനിക്കുമ്പോൾ ചെന്നൈ 158/5ലേ എത്തിയുള്ളൂ. 54 പന്തുകളിൽ 69 റൺസുമായി വിജയ് ശങ്കറും 26 പന്തുകളിൽ 30 റൺസുമായി ധോണിയും കളത്തിലുണ്ടായിരുന്നു. സ്വന്തം ആരാധകർപോലും ‌ഈ മെല്ലപ്പോക്ക് ബാറ്റിംഗിൽ ചെന്നൈയെ കുറ്റപ്പെടുത്തുന്നു.

ബൗണ്ടറിയടിക്കാൻ കഴിയാത്തിനാൽ സ്വയം മാറിക്കൊടുക്കുന്ന ബാറ്റർമാരുടെ ഈ ഐ.പി.എൽ കാലത്ത് ധോണിയിൽ പഴയ ഫിനിഷറെ കാണാൻ കഴിയാത്തത് യഥാർത്ഥ ചെന്നൈ ആരാധരിൽ നിരാശയേയും ദേഷ്യത്തേയുംകാൾ കൂടുതൽ സങ്കടമാണ് സൃഷ്ടിക്കുന്നത്. ധോണിക്ക് പഴയതുപോലെ കൂടുതൽ നേരം ക്രീസിൽ നിന്ന് കളിക്കാനോ വിക്കറ്റുകൾക്കിടയിൽ ഓടാനോ കഴിയില്ലെന്ന് ടീം മാനേജ്മെന്റ് തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിലും ആരാധകർ തേടിയെത്തുന്നത് ആ പഴയ ധോണിയെയാണ്. വിക്കറ്റ് കീപ്പിംഗിൽ അവരുടെ പ്രതീക്ഷകൾ ധോണി കാത്തുസൂക്ഷിക്കുന്നുണ്ട്. പക്ഷേ ടീമിനെ വിജയിപ്പിക്കാൻ അതുമാത്രം മതിയാവില്ലോ !