റയലിന് തോൽവി, ബാഴ്സയ്ക്ക് സമനില

Sunday 06 April 2025 11:46 PM IST

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡ് വലൻസിയയോട് തോറ്റപ്പോൾ റയൽ ബെറ്റിസുമായി സമനിലയിൽ പിരിഞ്ഞ് ബാഴ്സലോണ. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് റയൽ വലൻസിയയെ കീഴടക്കിയത്.1-1നാണ് ബാഴ്സയും ബെറ്റിസും സമനിലയിൽ പിരിഞ്ഞത്.

റയലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 15-ാം മിനിട്ടിൽ മൗക്തർ ദയാബിയിലൂടെ വലൻസിയയാണ് ആദ്യം മുന്നിലെത്തിയത്. 50-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ സമനില പിടിച്ചെങ്കിലും ഇൻജുറി ടൈമിന്റെ അഞ്ചാം മിനിട്ടിൽ ഹ്യൂഗോ ഡുറോ നേടിയ ഗോളിന് വലൻസിയ വിജയം കാണുകയായിരുന്നു. തൊട്ടുപിന്നാലെ നടന്ന മത്സരത്തിലാണ് ബാഴ്സ സമനില വഴങ്ങിയത്. ഏഴാം മിനിട്ടിൽ ഗാവിയിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. 17-ാം മിനിട്ടിൽ നഥാനാണ് സമനില ഗോൾ നേടിയത്.

30 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുമായി ബാഴ്സലോണയാണ് ലീഗിൽ മുന്നിലുള്ളത്. രണ്ടാമതുള്ള റയലിന് 30 മത്സരങ്ങളിൽ നിന്ന് 63 പോയിന്റാണുള്ളത്. ഇരു ടീമുകൾക്കും ലീഗിൽ ഇനി എട്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്.