ഐ ലീഗ് ഫുട്ബാൾ കിരീടം കയ്യാലപ്പുറത്ത്

Sunday 06 April 2025 11:49 PM IST

പോയിന്റ് നിലയിൽ ചർച്ചിൽ ബ്രദേഴ്സ് മുന്നിൽ

കിരീടപ്രഖ്യാപനം ഇന്റർ കാശിയുടെ അപ്പീൽ വിധിക്ക് ശേഷം

ന്യൂഡൽഹി : ഇത്തവണത്തെ ഐ ലീഗ് ഫുട്ബാൾ മത്സരങ്ങൾക്ക് തിരിശീല വീണെങ്കിലും കിരീടവിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വൈകുന്നു. ലീഗിലെ എല്ലാ ടീമുകളും 22 മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ പോയിന്റ് നിലയിൽ ഒന്നാമതെത്തിയത് ഗോവൻ ക്ളബ് ചർച്ചിൽ ബ്രദേഴ്സ് ആണെങ്കിലും ജനുവരിയിൽ ഇന്റർ കാശി എഫ്.സിയും നാംധാരി എഫ്.സിയും തമ്മിൽ നടന്ന മത്സരത്തെച്ചൊല്ലി ഇന്റർ കാശി നൽകിയ അപ്പീലിന്റെ അന്തിമവിധി വന്നശേഷമേ കിരീട ജേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.

ഇന്നലെ നടന്ന അവസാന മത്സരങ്ങളിൽ ചർച്ചിൽ റയൽ കാശ്മീരുമായി 1-1ന് സമനിലയിൽ പിരിഞ്ഞപ്പോൾ ഇന്റർ കാശി 3-1ന് രാജസ്ഥാൻ എഫ്.സിയെ തോൽപ്പിച്ചതാണ് നാടകീയത സൃഷ്ടിച്ചത്. ഇപ്പോഴത്തെ ഫെഡറേഷന്റെ പോയിന്റ് നില അനുസരിച്ച് ചർച്ചിൽ 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഇന്റർ കാശി 39 പോയിന്റുമായി രണ്ടാം സ്ഥാനത്തും. എന്നാൽ ഫെബ്രുവരിയിലെ മത്സരത്തിലെ മൂന്നുപോയിന്റ് കൂടി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ഇന്റർ കാശിയുടെ അപ്പീൽ. ഈ മാസം 28നാണ് അപ്പീലിൽ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ വിധി പറയുന്നത്. വിധി കാശിക്ക് അനുകൂലമാണെങ്കിൽ കിരീടം കാശിക്ക് പോകും. അല്ലെങ്കിൽ കിരീടം ചർച്ചിലിലേക്ക്...

കാശിയുടെ അപ്പീൽ

ജനുവരി 13ന് നാംധാരിക്കെതിരായ മത്സരത്തിൽ ഇന്റർ കാശി തോറ്റിരുന്നു. എന്നാൽ,തൊട്ടുമുമ്പുള്ള മത്സരങ്ങളിൽ മഞ്ഞക്കാർഡ് വാങ്ങി അയോഗ്യനായ കളിക്കാരനെ നാംധാരി കളിക്കാനിറക്കി എന്നാരോപിച്ച് ഇന്റർ കാശി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് പരാതി നൽകി. ഈ പരാതിയിൽ കഴമ്പുണ്ടെന്ന് കാട്ടി മത്സരത്തിലെ നാംധാരിയു‌ടെ വിജയം എ.ഐ.എഫ്.എഫ് റദ്ദാക്കിയിരുന്നു. എന്നാൽ നാംധാരി അപ്പീൽ നൽകിയപ്പോൾ ആ നടപടി റദ്ദാക്കി. ഇതിനെതിരെയാണ് കാശി അപ്പീൽ നൽകിയിരിക്കുന്നത്. ഇതിലെ വിധിയാണ് ഈ മാസം 28ന് പ്രഖ്യാപിക്കുക.

അവസാന മത്സരത്തിൽ

ഗോകുലത്തിന് തോൽവി

ഗോകുലം കേരള എഫ്.സി നാലാം സ്ഥാനത്ത്

കോഴിക്കോട് : കേരളത്തിൽ നിന്നുള്ള ഐ ലീഗിലെ ഏക ക്ളബ് ഗോകുലം കേരള എഫ്.സി അവസാന മത്സരത്തിൽ ഡെംപോ ഗോവയോട് മൂന്നിനെതിരെ നാലുഗോളുകൾക്ക് തോറ്റതോടെ നാലാം സ്ഥാനത്തായി. ഇന്നലെ കോഴിക്കോട് നടന്ന മത്സരത്തിൽ 2-0ത്തിന് മുന്നിൽ നിന്ന ശേഷമാണ് ഗോകുലം തോൽവി ഏറ്റുവാങ്ങിയത്. താബിസോ ബ്രൗണാണ് ഗോകുലത്തിന്റെ മൂന്ന് ഗോളുകളും നേടിയത്. 4,11,73 മിനിട്ടുകളിലായിരുന്നു ബ്രൗണിന്റെ ഗോളുകൾ. ഡെംപോയ്ക്ക് വേണ്ടി 21-ാം മിനിട്ടിലും ഇൻജുറി ടൈമിന്റെ നാലാം മിനിട്ടിലുമായി ക്രിസ്റ്റ്യൻ ഡാമിയൻ പെരസ് റോവ രണ്ട് ഗോളുകൾ നേടി. 34-ാ മിനിട്ടിൽ കപിൽ ഹോബ്‌ലെയും 71-ാം മിനിട്ടിൽ ദിദിയർ ബ്രൗസോയും ഓരോ ഗോളടിച്ചു. 64-ാം മിനിട്ടിൽ മഷൂർ ഷെരീഫ് ചുവപ്പുകാർഡ് കണ്ട് മടങ്ങിയതാണ് ഗോകുലത്തിന് തിരിച്ചടിയായത്.

സീസണിലെ 22 മത്സരങ്ങളിൽ 11 ജയവും നാല് സമനിലകളും ഏഴ് തോൽവികളുമടക്കം 37 പോയിന്റ് നേടിയാണ് ഗോകുലം നാലാം സ്ഥാനത്തായത്.29 പോയിന്റുമായി ഡെംപോ ആറാമതാണ്.