വെള്ളാപ്പള്ളി പ്രകടിപ്പിച്ചത് യാഥാർത്ഥ്യം: കെ.സുരേന്ദ്രൻ
കോഴിക്കോട്: മലപ്പുറത്ത് പിന്നാക്ക വിഭാഗക്കാരോടുള്ള അനീതിക്കെതിരെ പ്രതികരിച്ചതിന് വെള്ളാപ്പള്ളിക്കെതിരെ ബഹളം വയ്ക്കുന്നവർ പാലാ ബിഷപ്പിന് നേരെ ആക്രമണമുണ്ടായപ്പോൾ സഹായിക്കാനെത്തിയില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
അന്നവിടെ ഓടിയെത്തിയത് ബി.ജെ.പിയായിരുന്നു. അത് വോട്ടിന് വേണ്ടിയല്ല. പാലായിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ജയിക്കാനുമായിരുന്നില്ല. മറിച്ച് ന്യായം അവരുടെ കൂടെ ആയതുകൊണ്ടാണ്. കേരളത്തിലെ ജനസംഖ്യാ വളർച്ച ഇങ്ങനെ പോവുകയാണെങ്കിൽ മലപ്പുറത്തൊക്കെ വെള്ളാപ്പള്ളി പ്രകടിപ്പിച്ച ആശങ്കകൾ യാഥാർത്ഥ്യമാകും.
വഖഫ് ഭേദഗതി ബില്ലിനെ എതിർത്തതോടെ ക്രൈസ്തവർക്ക് യു.ഡി.എഫിലും എൽ.ഡി.എഫിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ക്രൈസതവ ആചാര്യന്മാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇരു മുന്നണിയും മുസ്ലിങ്ങളെയാണ് പരിഗണിക്കുന്നതെന്നും തങ്ങൾക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കേരളത്തിലെ ക്രൈസ്തവർ ചിന്തിക്കുന്നു. ബി.ജെ.പി ക്രൈസ്തവരുടെ നിലപാടിനെ അനുകൂലിച്ചത് അതിൽ ശരിയുള്ളതു
കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.