ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക്: ഹെൽപ്പ് ഡസ്‌കുകൾ ഒരുക്കി ബി.ജെ.പി

Monday 07 April 2025 12:07 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാനും അർഹരെ ഗുണഭോക്താക്കളാക്കാനും എല്ലാ ജില്ലകളിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡസ്‌കുകൾ പ്രഖ്യാപിച്ച് ബി.ജെ.പി .പാർട്ടി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ സംസ്ഥാന തല ഹെൽപ്പ് ഡസ്‌കിന്റെ ലോഗോ പ്രകാശനം പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിനാണ് ഹെൽപ്പ് ഡസ്‌കിന്റെ ചുമതല. ''കൂടെയുണ്ട് ഞങ്ങൾ'' എന്ന മുദ്രാ വാക്യവുമായി ജില്ലാ ആസ്ഥാനങ്ങളിലും 30 സംഘടനാ ജില്ലകളിലും ഹെൽപ് ഡസ്‌കുകൾ ആരംഭിക്കും. 45ാം സ്ഥാപക ദിനത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ പതാക ഉയർത്തുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. മാരാർജി ഭവനിൽ രാജീവ് ചന്ദ്രശേഖർ പതാക ഉയർത്തി.കേണൽ എസ്.ഡിന്നി, മേജർ ജനറൽ റിട്ട.പി.എസ്.നായർ, ഡോ.ടി.ആർ. ഗോപാലകൃഷ്ണൻ നായർ, പൊതുപ്രവർത്തകനായ വിജയലാൽ ബി.എസ് തുടങ്ങിയവർ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു.ഒ.രാജഗോപാൽ, വി.മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാർ, അഡ്വ.പി.സുധീർ, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, സിറ്റി ജില്ലാ പ്രസിഡന്റ കരമന ജയൻ, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു തുടങ്ങിയവർ പങ്കെടുത്തു.