സഭ രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല: ബിഷപ്പ് കല്ലറങ്ങാട്ട്
പാലാ: രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് എവിടെയെങ്കിലും എത്തിച്ചേരാമെന്ന് കത്തോലിക്കാ സഭ ചിന്തിക്കുന്നില്ലെന്ന് പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കെ.സി.ബി.സി മദ്യലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലാ ളാലം പഴയപള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച മദ്യലഹരി വിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് ബില്ലിന്റെ കാര്യത്തിൽ പാർലമെന്റിലും പുറത്തും നടന്ന ചർച്ചകൾ ചില ജനപ്രതിനിധികളുടെയും വിലയും, വിലയില്ലായ്മയും, അറിവും, അറിവില്ലായ്മയും വെളിപ്പെടുത്തുന്ന കാര്യങ്ങളായിരുന്നുവെന്ന് പറയാൻ നമ്മൾ പേടിക്കരുത്. വഖഫ് ദേശീയവും സാമൂഹ്യ പ്രാധാന്യവുമുള്ള വിഷയമാണ്. ഇക്കാര്യത്തിൽ സഭാ നിർദ്ദേശം കേരളത്തിലെ എം.പി.മാർക്ക് നൽകിയിരുന്നു. അവർക്ക് വിട്ടുനിൽക്കാമായിരുന്നു, വോട്ട് ചെയ്യാതിരിക്കാമായിരുന്നു. അത് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. വേണ്ടിവന്നാൽ ക്രൈസ്തവസമുദായം രാഷ്ട്രീയപ്രസ്ഥാനമായി മാറുമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.