ജില്ലാ ആശുപത്രിയിൽ എത്തുന്നവർ സൂക്ഷിച്ചില്ലേൽ തലപൊളിയും

Monday 07 April 2025 12:38 AM IST
ഫാർമസിയിലേക്ക് കയറുന്ന ഭാഗത്തെ കോൺക്രീറ്ര് പാളി ഇളകിയ നിലയിൽ

കൊല്ലം: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുവർക്ക് പേടിസ്വപ്നമായി അടർന്ന് വീഴീറായ കോൺക്രീറ്റ് പാളികൾ. ഫാർമസിയിലേക്ക് കയറുന്ന ഭാഗത്ത്, ഓർത്തോ ഒ.പിക്ക് സമീപം, എം.എസ് വാർഡ് തുടങ്ങി ഇടനാഴികളിലെല്ലാം മുകൾവശത്തെ കോൺക്രീറ്റ് പാളികൾ ഏതു നിമിഷവും അടർന്നുവീഴാൻ പാകത്തിലാണുള്ളത്.

ചില ഭാഗങ്ങളിൽ കോൺക്രീറ്റ് അടർന്നുവീണ് കമ്പികൾ തെളിഞ്ഞ് കാണാം. മരുന്ന് വാങ്ങാനെത്തുന്നവർ ഉൾപ്പടെ ജീവൻ പണയം വച്ചാണ് ഇവിടെ ക്യൂ നിൽക്കുന്നത്. മെയിൽ സർജിക്കൽ വാർഡിലെ മാത്രമല്ല ആശുപത്രിയിലെ പല വാ‌ർഡുകളുടെയും അവസ്ഥ ഇതാണ്. ദിവസവും 2000 ഓളം പേർ ചികത്സ തേടിയെത്തുന്ന ജില്ലയിലെ പ്രധാന ആശുപത്രിക്കാണ് ഈ ദുരവസ്ഥ. അപകട ഭീഷണി ഉയർന്നിട്ടും സുരക്ഷ ഒരുക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

വീൽച്ചെയറിൽ വേദന തിന്നണം

വാർഡുകളിൽ നിന്നും അത്യാഹിത വിഭാഗത്തിൽ നിന്നുമെല്ലാം ജില്ലാ പബ്ലിക് ഹെൽത്ത് ലാബിലേക്ക് സി.ടി സ്കാൻ ഉൾപ്പടെ എടുക്കാൻ വീൽച്ചെയറിൽ എത്തുന്ന രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. ഈ ഭാഗങ്ങളിലെ തറയോടുകൾ ഇളകിയിരിക്കുന്നത് മൂലം വീൽച്ചെയറിൽ ഇതുവഴിയുള്ള യാത്ര വളരെ ദുസഹമാണ്. ഇതുവഴി രോഗികളെ കൊണ്ടുപോകുന്നത് ഏറെ ശ്രമകരമാണ്.

വിയർത്ത് കുളിക്കും

മണിക്കൂറുകളോളം ചൂടിൽ വിയർത്ത് കുളിച്ചാണ് ഫാർമസിയിൽ എത്തുന്നവർ മരുന്നിനായി കാത്തുനിൽക്കുത്. ഫാർമസിയും നേത്രരോഗ പരിശോധന വിഭാഗവും ലബോറട്ടറിയും പ്രവർത്തിക്കുന്ന ഇവിടെ ഫാനോ മറ്റ് സംവിധാനങ്ങളോ ഇല്ല. ഷീറ്രിട്ട മേൽക്കൂരയ്ക്ക് വെന്തുരുകിവേണം നിൽക്കാൻ.

ഫാർമസിയുടെ ഭാഗത്തൊക്കെ പേടിച്ചാണ് നിൽക്കുന്നത്. ഇതൊക്കെ എന്ന് ശരിയാക്കാനാണ്. ബന്ധപ്പെട്ടവർ ആരും തിരിഞ്ഞ് നോക്കുന്നില്ല.

സുരേഷ് , രോഗിയുടെ ബന്ധു,

ശക്തികുളങ്ങര