കൊല്ലത്ത് പന്തം കൊളുത്തി പ്രകടനം
കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെ പിന്തുണച്ചും അദ്ദേഹത്തിന് എതിരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ചും കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. യൂണിയൻ ഓഫീസിന് മുന്നിൽ പ്രസിഡന്റ് മോഹൻ ശങ്കർ പ്രകടനം ഉദ്ഘാടനം ചെയ്തു.
എസ്.എൻ കോളേജ് ജംഗ്ഷനിലൂടെ കോർപ്പറേഷൻ ഓഫീസ്, റെയിൽവേ സ്റ്റേഷൻ റോഡ് വഴി ചിന്നക്കട മേൽപ്പാലത്തിലൂടെ ചിന്നക്കട ആർ. ശങ്കർ സ്ക്വയറിൽ സമാപിച്ചു. ഇവിടെ പ്രകടനത്തെ അഭിസംബോധന ചെയ്ത് യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സംസാരിച്ചു. വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും ആക്ഷേപിക്കാനും നടക്കുന്ന ശ്രമത്തെ യോഗം ഒറ്റക്കെട്ടായി എതിർത്ത് തോൽപ്പിക്കുമെന്ന് മോഹൻ ശങ്കറും എൻ.രാജേന്ദ്രനും പറഞ്ഞു. യോഗം കൗൺസിലർ പി.സുന്ദരൻ, യൂണിയൻ കൗൺസിലർമാരായ ജി. രാജ്മോഹൻ, ഓമനക്കുട്ടൻ (ബി. വിജയകുമാർ), സജീവ്, ബി. പ്രതാപൻ, രാജീവ് കുഞ്ഞുമോൻ, സൈബർ സേന ജില്ലാ ചെയർമാൻ രഞ്ജിത്ത് കണ്ടച്ചിറ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമോദ് കണ്ണൻ എന്നിവർ നേതൃത്വം നൽകി.