ടി.പി.രാമകൃഷ്ണൻ എന്നും തൊഴിലാളികൾക്കൊപ്പം
തൊഴിലാളികൾക്കൊപ്പം നടന്നും പ്രവർത്തിച്ചും പാർട്ടി വളർത്തിയ നേതാവ്, എം.എൽ.എയായും മന്ത്രിയുമായും ജനകീയനായ വ്യക്തിത്വം, കേരളം നിർണായകമായ രണ്ട് തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുമ്പോൾ ഇടത് പാർട്ടികളുടെ ഏകോപനത്തിൽ തികഞ്ഞ മെയ് വഴക്കം. ടി.പി.രാമകൃഷ്ണനെന്ന കോഴിക്കോട്ടുകാരൻ സി.പി.എം കേന്ദ്രകമ്മറ്റിയിലെത്തുമ്പോൾ വിശേഷണങ്ങളേറെ. നിലവിൽ പേരാമ്പ്ര എം.എൽ.എയും എൽ.ഡി.എഫ് കൺവീനറുമാണ് . 1949 ജൂൺ 15 ന് കോഴിക്കോട് കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്ത്കരയിൽ ശങ്കരന്റെയും മാണിക്യത്തിന്റെയും മകനായി ജനിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് താമസം. ഭാര്യ : എം.കെ നളിനി, മക്കൾ : രാജുലാൽ, രഞ്ജിനി.1980ൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും 1990ൽ ജില്ലാ സെക്രട്ടറിയേറ്റിലും അംഗമായി . 2001ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ നിന്ന് നിയമസഭാംഗമായി. 2005ൽ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി. 2006ൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ രാമകൃഷ്ണൻ 2014 വരെ ജില്ലാ സെക്രട്ടറിയായി തുടർന്നു. 2015ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ നിന്ന് വിജയിച്ച് ഒന്നാം പിണറായി മന്ത്രിസഭയിലെ സംസ്ഥാന എക്‌സൈസ്, തൊഴിൽ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. 2021ൽ പേരാമ്പ്രയിൽ നിന്ന് വീണ്ടും നിയമസഭാംഗമായി. 2023ൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2024 മുതൽ ഇടതുമുന്നണി കൺവീനർ..