കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

Monday 07 April 2025 1:30 AM IST

പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലനാണ് (24) മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ വിജയയെ ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം.

വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്. വിജയയുടെ അമ്മയാണ് വിവരം ഫോണിൽ അയൽവാസികളെ അറിയിച്ചത്. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അലൻ മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.