തകർച്ചയുടെ വക്കിൽ പൊതുകിണർ തിരിഞ്ഞു നോക്കാതെ അധികൃതർ
പുതുക്കോട് : അധികൃതരുടെ അനാസ്ഥയിൽ തകർച്ചയുടെ വക്കിലായി ചെറുകാവ് പഞ്ചായത്തിലെ പുതുക്കോട് ചിങ്ങംപറമ്പത്തുള്ള പൊതുകിണർ. വേനൽ കടുക്കുമ്പോഴും മുപ്പതോളം കുടുംബങ്ങളുടെ ശുദ്ധജല സ്രോതസ്സാണ് നവീകരണം നടക്കാത്തതിനാൽ തകർച്ചയുടെ വക്കിലുള്ളത്. കുടിവെള്ളക്ഷാമം രൂക്ഷമായ ചിങ്ങംപറമ്പ് പ്രദേശത്ത് മൂന്നര പതിറ്റാണ്ട് മുൻപ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്താണ് പൊതുകിണർ നിർമ്മിച്ചു നൽകിയത്. എന്നാൽ അതിനു ശേഷം കിണറിന്റെ നവീകരണ പ്രവർത്തനങ്ങൾക്കൊന്നും നാളിതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. മുപ്പതോളം വീട്ടുകാരുടെ കുടിവെള്ളത്തിനുള്ള ആശ്രയമാണ് ഈ കിണർ. കിണറിന്റെ ഉപഭോക്താക്കളിൽ ഭൂരിപക്ഷവും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. പ്രദേശവാസികൾ ബ്ലോക്ക് പഞ്ചായത്തിന് സൗജന്യമായി നൽകിയ സ്ഥലത്താണ് കിണർ സ്ഥിതിചെയ്യുന്നത്. വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച കിണറിൽ വെള്ളം കോരിയെടുക്കാനായി സ്ഥാപിച്ച കൽത്തൂണുകളും കപ്പി ഘടിപ്പിക്കാനുള്ള ഇരുമ്പു കമ്പികളും കാലപ്പഴക്കം കൊണ്ട് ഏതുനിമിഷവും നിലംപതിക്കുമെന്ന സ്ഥിതിയിലാണ്. ദിനം പ്രതി അപകടാവസ്ഥയിലായ കിണറിൽ നിന്നും നിരവധി പേർ വെള്ളം കോരുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള അപകടം സംഭവിച്ചതിനുശേഷം മാത്രമേ ഇവിടേക്ക് തിരിഞ്ഞു നോക്കൂ എന്ന അവസ്ഥയിലാണ് അധികൃതരുടെ പെരുമാറ്റമെന്ന് നാട്ടുകാർ ആരോപിച്ചു. സംരക്ഷണവ ലയില്ലാത്തതിനാൽ ജീവികൾ പലതും കിണറ്റിനുള്ളിൽ വീണ് കുടിവെള്ളം മുടങ്ങുന്നതും പതിവാണ്. പ്രദേശത്തിന്റെ ശുദ്ധജല ദൗർലഭ്യം പരിഹരിക്കാനും പൊതുകിണർ സംരക്ഷിക്കുന്നതിനും ഗ്രാമ പഞ്ചായത്ത് എത്രയും വേഗം ഇടപെടണം. തകർച്ചയിലുള്ള കിണറിന്റെ കൽത്തൂണുകൾ പുനർനിർമ്മിക്കുകയും ചെളി നീക്കം ചെയ്തു ഭിത്തികൾ കെട്ടി സംരക്ഷണ വല സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
അടിയന്തരമായി കിണർ സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം. അതിനാവശ്യമായ ഫണ്ട് ലഭ്യമാക്കണം
വി.പി. ഷീബ, പുതുക്കോട് വാർഡ് അംഗം