അലനെ കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിയ ശേഷം തൊഴിച്ചു, മുണ്ടൂരിൽ സിപിഎം ഹർത്താൽ, ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ചിന് ബിജെപി

Monday 07 April 2025 7:18 AM IST

പാലക്കാട്: കാട്ടാന ആക്രമണത്തിൽ 24കാരൻ കൊല്ലപ്പെടുകയും അമ്മയ്‌ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന്റെ വിവരങ്ങൾ പുറത്ത്. അലനെ തുമ്പിക്കൈ കൊണ്ട് തട്ടിയിട്ട കാട്ടാന കാലുയർത്തി തൊഴിച്ചു.പിന്നാലെയെത്തിയ അമ്മയെ ആനക്കൂട്ടത്തിലെ മറ്റ് ആനകൾ ആക്രമിച്ചു.

മുണ്ടൂരിലും പരിസരപ്രദേശത്തും ഒരാഴ്‌ചയോളമായി കാട്ടാനകളിറങ്ങി നിലയുറപ്പിച്ചിരുന്നു. ഇ‌ന്നലെ വൈകി കടയിൽ പോയി മടങ്ങുകയായിരുന്ന കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലൻ (24), അമ്മ വിജയ ഇവരുടെ മാതാവ് എന്നിവരെയാണ് ആനക്കൂട്ടം ആക്രമിച്ചത്. രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. അലൻ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അമ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ അമ്മ മൊബൈലിൽ വിളിച്ചുപറഞ്ഞതോടെയാണ് സ്ഥലവാസികൾ സംഭവമറിഞ്ഞത്.

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ സിപിഎം ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. അതേസമയം ഡിഎഫ്ഒ ഓഫീസിലേക്ക് ബിജെപി ഇന്ന് മാർച്ച് നടത്തും. അലന്റെ പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മുണ്ടൂരിലും പ്രദേശത്തും ദിവസങ്ങളായി മൂന്ന് ആനകൾ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ടെന്നാണ് നാട്ടുകാർ അറിയിക്കുന്നത്.