ഇഷ അംബാനി തന്റെ പ്രിയപ്പെട്ട വസതി വിറ്റത് പ്രശസ്‌ത നടിക്ക്, 508 കോടി രൂപയ്ക്ക് വിറ്റ വീട്ടിലായിരുന്നു 'അക്കാലം' ചെലവഴിച്ചത്
ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ് അംബാനി, ഇഷ അംബാനി, അനന്ദ് അംബാനി അങ്ങനെ അംബാനി കുടുംബത്തിലെ ഓരോ അംഗവും ബിസിനസ് രംഗത്ത് വിവിധ ചുമതലകൾ വഹിക്കുന്നുണ്ട്. റിലയൻസ് റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്‌ടറായ ഇഷ അംബാനി റീട്ടെയിൽ, ആഡംബര വ്യവസായ മേഖലയിൽ സ്വന്തമായി മുദ്ര പതിപ്പിപ്പിച്ച വ്യക്തി കൂടിയാണ്. ഇപ്പോഴിതാ അംബാനികളുടെ ഏക മകളായ ഇഷ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ഇഷ അംബാനി യുഎസിലെ തന്റെ അത്യാഡംബര മാളിക ഹോളിവുഡിലെ പ്രശസ്‌ത നടിക്ക് വിറ്റതിന്റെ വാർത്തകളാണ് ശ്രദ്ധനേടുന്നത്.
അമേരിക്കയുടെ സിനിമാ-ടെലിവിഷൻ വ്യവസായത്തിന്റെ പ്രധാന കേന്ദ്രവും യുഎസ് കാലിഫോർണിയയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവുമായ ലോസ് ഏഞ്ചലസിലെ ബെവർലി ഹിൽസിലാണ് ഭർത്താവ് ആനന്ദ് പിരമലിനൊപ്പം ചേർന്ന് ഇഷ അംബാനി മണിമാളിക സ്വന്തമാക്കിയത്. 38,000 ചതുരശ്ര അടിയാണ് വീടിന്റെ വലിപ്പം. സ്‌പാ, ജിംനേഷ്യം, ഇൻഡോർ ഗെയിമിംഗ് കോർട്ട് ഉൾപ്പെടെ 12 കിടപ്പുമുറികളാണ് വീട്ടിലുള്ളത്. 24 അത്യാഡംബര ടോയ്‌ലറ്റുകൾ, 12 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് ഗ്രൗണ്ട്, പൂൾ എന്നിവയും ഇവിടെയുണ്ട്. 2022ൽ ഗർഭിണിയായപ്പോൾ ഇഷ ഇവിടെയാണ് താമസിച്ചിരുന്നത്. ഓസ്‌കാർ നോമിനേഷൻ ലഭിച്ച ഇന്ത്യൻ ചിത്രമായ 'ഛെല്ലോ ഷോ'യുടെ സ്വകാര്യ പ്രദർശനം ഇവിടെവച്ച് നടത്തിയിരുന്നു.
2023ലാണ് ഇഷയും ആനന്ദും 508 കോടി രൂപയ്ക്ക് ഈ ആഡംബര വസതി വിറ്റത്. ഹോളിവുഡിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരദമ്പതികളായിരുന്ന ജെന്നിഫർ ലോപ്പസും ഭർത്താവ് ബെൻ അഫ്ളെക്കുമാണ് ഈ വീട് സ്വന്തമാക്കിയത്. അമേരിക്കൻ ഗായികയും നടിയും നർത്തകിയുമാണ് ജെന്നിഫർ ലോപ്പസ്. അതേസമയം, ജെന്നിഫർ ലോപ്പസും ബെന്നും 2025ൽ വിവാഹമോചിതരായിരുന്നു.