രാസവളത്തിന് പൊന്നുവില: നട്ടം തിരിഞ്ഞ് കർഷകർ

Monday 07 April 2025 6:31 PM IST

കൊച്ചി: കേന്ദ്രം സബ്സിഡി വെട്ടിക്കുറച്ചതോടെ രാസവളങ്ങളുടെ വില ക്രമാതീതമായി ഉയർന്നു. പ്രതിവർഷം വില വർദ്ധന കർഷകരെ വലയുകയാണ്. കൃഷി തന്നെ നഷ്ടത്തിൽ നടക്കുമ്പോഴാണ് വളത്തിന് വില കൂടുന്നത്. 100 -400 രൂപ വരെ കഴിഞ്ഞ മാസങ്ങളിൽ വർദ്ധിച്ചു.

രാസവളങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. സബ്സിഡിയിൽ ലക്ഷങ്ങളാണ് വെട്ടിക്കുറച്ചത്. സർക്കാരിന്റെ ന്യൂട്രിയന്റ് പോളിസി പ്രകാരമാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. യൂറിയ മാത്രമാണ് ഇപ്പോൾ സബ്സിഡിയുടെ പരിധിയിലുള്ളത്. മറ്റു വളങ്ങളെ എല്ലാം സബ്സിഡിയിൽ നിന്ന് ഒഴിവാക്കി. വേനൽമഴ പെയ്തു തുടങ്ങിയതോടെ വളം ഉപയോഗിക്കേണ്ട സമയമാണിത്.

വില വർദ്ധനവ് ഇങ്ങനെ

രാസവളങ്ങളിലെ പ്രധാനിയായ പൊട്ടാഷിന് മൂന്ന് മാസത്തിനിടെ 535 രൂപ വർദ്ധിച്ചു. 1000 രൂപയായിരുന്ന 50 കിലോഗ്രാം ചാക്കിന് ഇപ്പോൾ 1535 രൂപയാണ് വില. ചില്ലറയായി വാങ്ങുകയാണെങ്കിൽ വീണ്ടും വർദ്ധിക്കും.

കേന്ദ്രസർക്കാർ 2023-24 സാമ്പത്തികവർഷം ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങൾക്ക് ന്യൂട്രിയന്റ് സബ്‌സിഡിയായി 65,199.586 കോടി രൂപ നൽകിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 52,310 കോടിയായി കുറച്ചു. ഇത്തവണ 49,000 കോടിയായി വീണ്ടും കുറച്ചു. 10:26:26 എൻ.പി.കെ കോംപ്ലക്സ് വളത്തിന് 1470 രൂപയായിരുന്നത് ഇപ്പോൾ 1720 ആയി. എൻ.പി.കെ 16:16:16 വളത്തിന് 1375-ൽ നിന്ന് 1450 രൂപയായി. ഫാക്ടംഫോസിന് 1200 രൂപയായിരുന്നത് 1400 രൂപയായി.

ഈ മാസം ഇനിയും വിലകൂടാൻ സാദ്ധ്യതയുണ്ട്. സബ്സിഡി കുറക്കുന്നതിനാൽ കർഷകർ ബുദ്ധിമുട്ടിലാകും.

സി.എസ്. രാധാകൃഷ്ണൻ

സംസ്ഥാന ട്രഷറർ

കേരള ഫെർട്ടിലൈസർ മിക്സ്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സബ്സിഡി വെട്ടിക്കുറച്ചത് പല കർഷകരെയും സാരമായി ബാധിക്കും. പാട്ടത്തിന് കൃഷി ചെയ്യുന്നവരുണ്ട്. ഇവർക്ക് വളത്തിന്റെ വില കൂടുന്നത് വലിയ നഷ്ടം സൃഷ്ടിക്കും

ജെയിംസ് തോമസ്

കർഷകൻ