മെട്രോ രണ്ടാം ഘട്ടം: ഗർഡർ നിർമ്മാണം പുരോഗമിക്കുന്നു
കൊച്ചി: മെട്രോയുടെ പാലാരിവട്ടത്തു നിന്ന് ഇൻഫോപാർക്കിലേക്കുള്ള രണ്ടാം ഘട്ട നിർമ്മാണം പുരോഗമിക്കുന്നു. ഇതിനോടകം 307 പൈലുകൾ സ്ഥാപിച്ചു. കളമശ്ശേരിയിലെ 8.85 ഹെക്ടർ സ്ഥലത്തെ കാസ്റ്റിംഗ് യാർഡിൽ പിയർകാപ്പ് മുതലുള്ള സൂപ്പർ സ്ട്രക്ചർ ഘടക ഭാഗങ്ങളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
നാല് പിയർകാപ്പുകളുടെയും മൂന്ന് യു ഗർഡറുകളുടെയും കാസ്റ്റിംഗ് പൂർത്തിയായി. ഒന്നാം ഘട്ടത്തിലെ നിർമ്മാണ രീതിയിൽ നിന്ന് വ്യത്യസ്തമായി തൂണിനു മേലെയുള്ള പിയറിനു മുകളിലുള്ള മെട്രോ സ്റ്റേഷൻ ഘടകഭാഗങ്ങളെല്ലാം കാസ്റ്റിംഗ് യാർഡിൽ തന്നെ നിർമ്മിക്കുകയാണ്. പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ രീതി അവലംബിച്ചത്.
നിർമ്മാണം രണ്ടു വിഭാഗങ്ങളായി
1. യു ഗർഡറുകളുടെ നിർമ്മാണമാണ് ഒരു വിഭാഗത്തിൽ നടക്കുന്നത്. 100 ടണ്ണിന്റെ നാല് ഗാൻട്രി ക്രെയിനുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
2. ഐ ഗർഡറുകൾ, പിയർ കാപ്പുകൾ, പാരപ്പെറ്റുകൾ, റ്റി ഗർഡറുകൾ, എൽ ഗർഡറുകൾ എന്നിവയുടെ നിർമ്മാണമാണ് രണ്ടാം വിഭാഗത്തിൽ. ഇവിടെ ആറ് ഗാൻട്രി ക്രെയിനുകൾ പ്രവർത്തിക്കുന്നുണ്ട്. 10 ടൺ ഭാരം ഉയർത്താൻ ശേഷിയുള്ള രണ്ടും 60 ടണ്ണിന്റെ രണ്ടും 100 ടണ്ണിന്റെ ഒന്നും 120 ടണ്ണിന്റെ ഒന്നും ഗാൻട്രി ക്രെയിനുകളുണ്ട്.
പരിസ്ഥിതി സൗഹൃദ നിർമ്മാണം
രണ്ടാം ഘട്ട പദ്ധതിയുമായി ബന്ധപ്പെട്ട ക്വാളിറ്റി ലാബും കോൺക്രീറ്റ് ബാച്ചിംഗ് ലാബും കളമശ്ശേരി കാസ്റ്റിംഗ് യാർഡിലാണ് സ്ഥാപിച്ചിരിക്കുന്നത്. കോൺക്രീറ്റ് മാലിന്യം മൂലമുള്ള പരിസ്ഥിതി ദോഷം കുറയ്ക്കാൻ കോൺക്രീറ്റ് മാലിന്യ പുനരുപയോഗ പ്ലാന്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വയഡക്ട് നിർമ്മാണത്തിനായി 500 യു ഗർഡറുകളും 580 ഐ ഗർഡറുകളും 354 പിയർ കാപ്പുകളുമാണ് നിർമ്മിക്കുന്നത്. സ്റ്റേഷൻ നിർമ്മാണത്തിനായി 100 യു ഗർഡറുകളും 120 പിയർ ആമുകളും 400 റ്റി ഗർഡറുകളും 200 എൽ ഗർഡറുകളും നിർമ്മിക്കുന്നുണ്ട്.