വ്യക്തികളല്ല വലുത്, പാർട്ടി നയിക്കും

Tuesday 08 April 2025 4:44 AM IST

സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി സംസാരിക്കുന്നു

ഇ.എം.എസ് നമ്പൂതിരിപ്പാടിനു ശേഷം കേരളത്തിൽ നിന്നുള്ള പാർട്ടി ജനറൽ സെക്രട്ടറി എന്ന ഖ്യാതിയോടെയാണ് എം.എ.ബേബി സി.പി.എമ്മിന്റെ അമരക്കാരനായിരിക്കുന്നത്. രാജ്യമുടനീളം പാർട്ടി പ്രതിസന്ധി നേരിടുന്ന കാലത്ത് സി.പി.എമ്മിന്റെ ധൈഷണിക മുഖമായ എം.എ. ബേബി പാർട്ടിയെ നയിക്കാൻ തീരുമാനിക്കപ്പെടുമ്പോൾ ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് അദ്ദേഹം 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

?​ കേരളത്തിൽ മാത്രമല്ല, രാജ്യത്തും സി.പി.എം വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള വരവ്...

 24-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ മോദി സർക്കാർ നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നതായി പ്രസ്താവിച്ചിട്ടുണ്ട്. അത് ശരിവയ്ക്കുന്ന അനുഭവങ്ങൾ കൂടുതൽ ഉയർന്നുവരികയാണ്. എമ്പുരാൻ സിനിമയുടെ കാര്യത്തിൽ ഇത് വളരെ പ്രകടമാണല്ലോ. അതുകൊണ്ട് ഫാസിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസിനാൽ നയിക്കപ്പെടുന്ന മോദി സർക്കാരിനെ കേന്ദ്ര ഭരണത്തിൽ നിന്ന് നിഷ്‌കാസനം ചെയ്യാൻ സഹായകമായ വിശാലമായ രാഷ്ട്രീയ സമരവേദി കെട്ടിപ്പടുക്കുക എന്ന കടമയാണ് സി.പി.എം പാർട്ടി കോൺഗ്രസ് മുന്നോട്ടു വച്ചിട്ടുള്ളത്.

അതോടൊപ്പം,​ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്വതന്ത്രമായ രാഷ്ട്രീയ ശക്തിയും സ്വാധീനവും പലമടങ്ങ് വർദ്ധിപ്പിക്കുക എന്ന കടമയും പാർട്ടി കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. ഇതു രണ്ടും നിർവഹിക്കാനുള്ള കഠിന പരിശ്രമങ്ങൾ ഏറ്റെടുക്കുക എന്നത് സങ്കീർണമായ ഒരു പ്രവർത്തനമാണ്. അത് കൂട്ടായി നിർവഹിക്കുന്നതിന് സി.പി.എമ്മിനും ഇതര ഇടതുപക്ഷ- മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പ്രായോഗികമായി സാധിക്കേണ്ടതുണ്ട്. അതാകട്ടെ പല വെല്ലുവിളികളെയും അഭിമുഖീകരിച്ചുകൊണ്ടു മാത്രം നിർവഹിക്കാനാവുന്ന കടമയാണ്. അത് പ്രയാസകരമാണ്. എന്നാൽ അസാദ്ധ്യമല്ല.

?​ മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയും കേരളത്തിൽ നിന്ന്, എന്തു മാറ്റമാണ് ജനം പ്രതീക്ഷിക്കേണ്ടത്.

 കേരളം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും പോകുന്ന ഘട്ടത്തിലാണ് പാർട്ടി കോൺഗ്രസ് നടന്നതും പുതിയ കേന്ദ്ര കമ്മിറ്റിയും നേതൃത്വവും തീരുമാനിക്കപ്പെടുന്നതും. ഇരു തിരഞ്ഞെടുപ്പുകളിലും വലിയ മുന്നേറ്റം ഉണ്ടാക്കണം. കേരളത്തിലെ ഇടതുപക്ഷ ജനധാപത്യ മുന്നണി സർക്കാരിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പാർട്ടി കോൺഗ്രസ് പ്രമേയത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ആ കടമ ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന പരിശ്രമങ്ങളെ സഹായിക്കാൻ അഖിലേന്ത്യാ പാർട്ടി ഒപ്പമുണ്ടാകും. കേരളത്തിൽ മൂന്നാമതും തുടർഭരണം നേടിയെടുക്കണം. അക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നാണ് ഇപ്പോൾ പറയാനുള്ളത്. മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയും ഉള്ളൊരു സംസ്ഥാനത്ത് അതിന്റേതായ ജാഗ്രതയുണ്ടാകും. എന്നാൽ,​ ജനറൽ സെക്രട്ടറി മറ്റ് സംസ്ഥാനങ്ങളിലെ പാർട്ടിയുമായും പ്രസ്ഥാനവുമായും ബന്ധപ്പെട്ട കാര്യങ്ങളിലും ശ്രദ്ധിക്കാൻ ബാധ്യസ്ഥനാണ്.

?​ ഇപ്പോഴും പിണറായിയെ കേന്ദ്രീകരിച്ചാണോ കേരള പാർട്ടി.

 എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെയൊരു വിലയിരുത്തൽ നടത്തുന്നത്?​ ഇ.എം.എസും എ.കെ.ജിയും നായനാരും പിന്നെ,​ ഇന്നു നമ്മോടൊപ്പമുള്ള വി.എസും നയിച്ച കേരളത്തിൽ പിണറായി വിജയന്റേതും സവിശേഷമായ സ്ഥാനമാണ്. കേരളത്തിൽ ആദ്യമായിട്ട് ഒരു തുടർഭരണം എന്നതിൽ പിണറായി വിജയനെന്ന നേതാവിന്റെ പങ്ക് ചെറുതല്ല. അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വലിയ നേട്ടമാണ് പാർട്ടിക്ക് കൈവരിക്കാൻ കഴിഞ്ഞത്.

ഇ.എം.എസും എ.കെ.ജിയും ഉണ്ടായിരുന്ന കാലത്തും ചില പരാജയങ്ങൾ പാർട്ടിക്ക് സംഭവിക്കാതിരുന്നിട്ടില്ല. 1970-71ഉം 1977-ഉം ഉദാഹരണം. വരുന്ന രണ്ട് തിരഞ്ഞെടുപ്പിലും പിണറായി തന്നെ കേരളത്തിലെ കൂട്ടായ നേതൃത്വത്തിന്റെ തലപ്പത്തുണ്ടാവും. ഇപ്പോൾ അദ്ദേഹത്തിന്റെ മകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിലൊന്നും വസ്തുതയില്ല. കേരളീയ ജനതയെ സംബന്ധിച്ച് സ്വീകാര്യനും ജനകീയനും അതിനെല്ലാമപ്പുറത്ത് ഒരു രക്ഷകർത്താവെന്ന പ്രതീതിയും പിണറായിയിലുണ്ട്.

?​ മുഖ്യമന്ത്രി സ്ഥാനാർഥിയാണോ പിണറായി.

 കഴിഞ്ഞ രണ്ട് ടേമുകളിലായി കേരളത്തിലെ ഭരണ നേതൃത്വത്തിൽ പിണറായി വഹിച്ച പങ്ക്, അദ്ദേഹത്തിന്റേ നേതൃത്വം തുടങ്ങിയവ കൂടി മുൻനിറുത്തിയാവും തിരഞ്ഞെടുപ്പിനെ നേരിടുക. എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങളാണ് മുഖ്യമായും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുക. സി.പി.എമ്മിൽ ഒരുകാലത്തും വ്യക്തികേന്ദ്രീകൃതമായല്ല പാർട്ടിയെ നയിച്ചത്. വ്യക്തികളെയെല്ലാം കൂട്ടായ നേതൃത്വം നയിക്കുകയായിരുന്നു. എങ്കിലും പി. കൃഷ്ണപിള്ളയും ഇ.എം.എസും എ.കെ.ജിയും സി.എച്ച് കണാരനും നായനാരും വി.എസും തുടർന്ന് പിണറായിയും നൽകിയ സംഭാവനകൾ ഈ പാർട്ടിയെ മുന്നോട്ടു നയിക്കുന്നതിൽ വഹിച്ച പങ്ക് വളരേയെറെ വലുതാണ്.

?​ കേരളത്തിൽ ആശവർക്കർമാരുടെ സമരം പ്രധാനമല്ലേ.

 ആശാ വർക്കർമാരുടെ സമരം മാത്രമല്ല, സെക്രട്ടറിയേറ്റിനു മുമ്പിൽ വേറെയും സമരം നടക്കുന്നുണ്ട്. സത്യത്തിൽ ആശാ വർക്കർമാരുടെ പ്രശ്‌നം പരിഹരിക്കേണ്ടത് മുഖ്യമായും കേന്ദ്ര സർക്കാരാണ്. ഇവിടെ ഇപ്പോൾ നടക്കുന്നത് എൽ.ഡി.എഫിന് എതിരായ രാഷ്ട്രീയ സമരമാണ്. സാമ്പത്തിക പരിമിതിയിൽ നിന്നുകൊണ്ട് പരമാവധി സഹായിച്ചത് എൽ.ഡി.എഫ് സർക്കാരുകളാണ്. കേന്ദ്ര സ്‌കീമാണ് ആശാ പ്രവർത്തകരുടേത്.

?​ ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസും തൃണമൂലും വലിയ വെല്ലുവിളിയല്ലേ.

 വെല്ലുവിളി സി.പി.എമ്മിനു മാത്രമല്ല,​ എല്ലാവർക്കുമുണ്ട്. ഡൽഹിയിൽ ആംആദ്മിക്കെതിരെ കോൺഗ്രസ് മത്സരിച്ചില്ലേ?​ എന്തു ഗുണമുണ്ടായി എന്നതല്ല,​ അത് അവരുടെ രാഷ്ട്രീയമാണ്. അതുപോലെ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ബംഗാളിലും കേരളത്തിലും പാർട്ടിക്ക് ഒരു നിലപാടുണ്ട്. അതേസമയം കേന്ദ്രത്തിൽ ബി.ജെ.പിയുടെ നവ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുവാൻ ശ്രമിക്കും. അങ്ങനെ മുന്നോട്ടു പോയാലേ ഫാസിസത്തിലേക്കു നീങ്ങുന്ന കേന്ദ്ര സർക്കാരിനെതിരായുള്ള പോരാട്ടം സാദ്ധ്യമാവുകയുള്ളൂ.

?​ എം.എ. ബേബിയെന്ന നേതാവിനെ എങ്ങനെ വിലയിരുത്തുന്നു.

 വ്യക്തിയല്ല,​ പാർട്ടിയാണ് പ്രധാനമെന്ന് നേരത്തേ പറഞ്ഞതാണ്. പാർട്ടിയാണ് എന്നെ ജനറൽ സെക്രട്ടറിയാക്കിയത്. എല്ലാ തലങ്ങളിലുമുള്ള സഖാക്കളുടെ സഹായത്തോടെയും സഹകരണത്തോടെയും പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുവാൻ കഴിയുമെന്ന ഉത്തമ ബോദ്ധ്യമുണ്ട്.