ധരിക്കാം ഖാദി , വിഷു - ഈസ്റ്റർ മേളയ്ക്ക് തുടക്കം

Tuesday 08 April 2025 12:57 AM IST
വിഷു - ഈസ്റ്റർ മേള

കോഴിക്കോട്: വിഷുവും ഈസ്റ്ററും കളറാക്കാൻ കോഴിക്കോട് സർവോദയ സംഘം സംഘടിപ്പിക്കുന്ന ഖാദിമേളയ്ക്ക് മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തിൽ തുടക്കം. ഖാദി കോട്ടൺ, സിൽക്ക് തുണിത്തരങ്ങൾക്ക് 30 ശതമാനം ഗവ. റിബേറ്റുണ്ട്. ചൂടിൽ നിന്നും ആശ്വാസം ലഭിക്കുന്ന ഖാദി തുണിത്തരങ്ങളുടെ വിപുലമായ ശേഖരമാണ് ഇത്തവണത്തെ പ്രത്യേകത. പശ്ചിമ ബംഗാളിൽ നിന്നെത്തുന്ന മിനിസ്റ്റേഴ്‌സ് ഖാദിയാണ് മുൻപന്തിയിൽ. മീറ്ററിന് 300 രൂപ മുതലാണ് ഇവയുടെ വില. മനിലയിൽ തീർത്ത നിരവധിയിനം റെഡി മെയ്‌ഡ് ഷർട്ടുകൾ, ചുരിദാറുകൾ എന്നിവയുടെ ശേഖരവും മേളയിൽ ഉണ്ട്. ചേമഞ്ചേരി കുപ്പടം ദോത്തികൾ, ഡബിൾ ദോത്തികൾ, ബെഡ്ഷീറ്റുകൾ, കോട്ടൺ - മസ്ലിൻ - സിൽക്ക് ജ്യൂട്ട് എന്നിവയിൽ തീർത്ത സാരികൾക്ക് 1500 രൂപ മുതൽ 20,000 രൂപ വരെയാണ്. കലംകരി, ബാത്തിക്ക്, ചുങ്കിടി, കോച്ചംമ്പള്ളി തുടങ്ങിയ വൈവിധ്യമാർന്ന തുണിത്തരങ്ങളും ലഭ്യമാണ്. ഖാദി തുണിത്തരങ്ങൾക്ക് പുറമെ ലതർ ഉത്പന്നങ്ങൾ, ഫർണിച്ചറുകൾ, കരകൗശല വസ്‌തുക്കൾ, മൺപാത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഹണി ഹട്ട് കുൾബാർ, ബേക്കറി ഉൽപ്പന്നങ്ങൾ, മരച്ചക്കിലാട്ടിയ എള്ളെണ്ണ, തേൻ എന്നിവയെല്ലാം ഇവിടെയുണ്ട്. സർക്കാർ-അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പലിശരഹിത തവണവ്യവസ്ഥകളിലൂടെ സാധനങ്ങൾ വാങ്ങാം. രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് മേള. 19 ന് സമാപിക്കും. ഡോ. ബീന ഫിലിപ്പ് മേള ഉദ്ഘാടനം ചെയ്തു. കൗൺസിലർ എസ്.കെ. അബുബക്കർ അദ്ധ്യക്ഷത വഹിച്ചു. കുരുവട്ടൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ആദ്യ വിൽപ്പന എറ്റുവാങ്ങി. ടി.ബാലകൃഷ്‌ണൻ, സി.പി. അബ്‌ദുറഹിമാൻ, ശ്യാംപ്രസാദ്.എം.കെ, കെ. കെ. മുരളീധരൻ, ജി.എം.സിജിത്ത് പ്രസംഗിച്ചു.