കണ്ണില്ലാത്ത ക്രൂരത.... വാഹനമിടിച്ച് പരിക്കേറ്റ പശുവിനെ കാലുകൾ കെട്ടി ഉപേക്ഷിച്ച നിലയിൽ
കൊച്ചി: വാഹനമിടിച്ച് പരുക്കേറ്റ് കുസാറ്റ് ക്യാമ്പസിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന പശുവിനെ പിൻകാലുകൾ കെട്ടിയിട്ട് ക്യാമ്പസിലെ വിജനമായ ഒരിടത്ത് ഉപേക്ഷിച്ചു. ഇന്നലെ രാവിലെ ക്യാമ്പസിലെ റഡാർ സ്റ്റേഷന് സമീപം സ്റ്റാഫ് ക്വാർട്ടേഴ്സുകൾക്ക് പിന്നിൽ കാടുമൂടിയ ഭാഗത്ത് സെക്യൂരിറ്റി ഗാർഡ് ഹബീബ് റഹ്മാനാണ് അവശയായി കിടന്ന പശുവിനെ കണ്ടത്. പരിക്കേറ്റ പിൻകാലുകൾ കേബിളും കയറും ഉപയോഗിച്ച് കൂട്ടിക്കെട്ടിയതിനാൽ ഒരടി പോലും നടക്കാനാകാതെ കിടക്കുകയായിരുന്നു.
സെക്യൂരിറ്റി ഓഫീസർ വിജയനുൾപ്പെടെയെത്തി കെട്ടഴിച്ച് വെള്ളവും തീറ്റയും നൽകി മാറ്റിക്കെട്ടി. കളമശ്ശേരി നഗരസഭയിലെ മൃഗഡോക്ടറെത്തി ചികിത്സ നൽകി. ഇന്ന് ധ്യാൻ ഫൗണ്ടേഷൻ അധികൃതരെത്തി ഏറ്റുവാങ്ങുന്നതുവരെ പശുവിന് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ആരാണ് പശുവിനോട് ഇങ്ങനെയൊരു കടുംകൈ കാട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സ്റ്റാഫ് ക്വാർട്ടേഴ്സിന് പിന്നിൽ നാളുകളായി കിടന്നിരുന്ന കേബിൾ വയറുകളാണ് കാലുകൾ കെട്ടാനുപയോഗിച്ചത്. പതിവായി ക്യാമ്പസിലുള്ള പശുവിന് സ്റ്റാഫ് ക്വാർട്ടേഴ്സിലേക്ക് വന്ന വാഹനമിടിച്ചാണ് പിൻകാലിനും കൊമ്പിനും പരിക്കേറ്റത്. ചുറ്റുമതിലില്ലാത്ത കുസാറ്റിൽ ഉടമകളില്ലാതെ അമ്പതോളം നാൽക്കാലികൾ ചുറ്റിത്തിരിയുന്നുണ്ട്. ക്യാമ്പസിലെ കാടുമൂടി കിടക്കുന്ന ഭാഗത്താണ് ഇവയുടെ വിഹാരകേന്ദ്രം.