അടിമുടി തട്ടിപ്പിൽ കമ്പനി കൊയ്യുന്നത് കോടികൾ !

Tuesday 08 April 2025 12:16 AM IST

കൊച്ചി: ഡയറക്ട് മാർക്കറ്റിംഗ് തട്ടിപ്പ് എന്നത് ഏതെങ്കിലുമൊരു പ്രദേശത്തെ മാത്രം കേന്ദ്രീകരിച്ചു നടക്കുന്നതല്ല. സംസ്ഥാനത്തിന്റെ നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് എണ്ണമറ്റ ബ്രാഞ്ചുകളുള്ള, ശതകോടികൾ കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണിത്. കൂണുപോലെ മുളച്ചുപൊന്തുന്ന സ്ഥാപനങ്ങൾക്ക് കടിഞ്ഞാണിടാൻ സംസ്ഥാനത്തെ പൊലീസിനോ തൊഴിൽ വകുപ്പിനോ സാധിച്ചിട്ടില്ല.

15 വർഷം മുമ്പ് എറണാകുളത്ത് ആരംഭിച്ച ഡോർ ടു ഡോർ വില്പന സ്ഥാപനത്തിന് ഇന്ന് കേരളത്തിന്റെ നാനാഭാഗത്തും ഓഫീസുകളുണ്ട്.

നിർമ്മാണകേന്ദ്രങ്ങളുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ പ്രശസ്തമായ ബ്രാന്റുണ്ട്. കൊച്ചിയിലെ ആസ്ഥാന മന്ദിരം കൊട്ടാര സദൃശമാണ്. പ്രമുഖ സ്ഥാപനം പല ഫ്രാഞ്ചൈസികളായാണ് നാടുമുഴുവൻ കേന്ദ്രങ്ങൾ തുടങ്ങിയത്. കെൽട്രോൺ പോലുള്ള ഫ്രാഞ്ചൈസികൾ എല്ലാവരുംതന്നെ പിന്തുടരുന്നത് തൊഴിൽപീഡനങ്ങളും പാവപ്പെട്ട യുവാക്കളെ പറ്റിക്കുന്ന തന്ത്രങ്ങളുമാണ്. രീതികളെല്ലാം ഒന്ന് തന്നെ. പഠനാവശ്യത്തിനെന്നും നിവൃത്തികേടെന്നുമൊക്കെ പറഞ്ഞ് വീട്ടുമുറ്റത്തെത്തിയ യുവതീ യുവാക്കളുടെ ദയനീയാവസ്ഥ കണ്ട് സാധനങ്ങൾ ജനങ്ങൾ വാങ്ങിക്കൂട്ടിയതോടെ കമ്പനി തഴച്ചുവളർന്നു.

പൂട്ടിക്കലിന്റെ വക്കിലെത്തിയിട്ടും രക്ഷയില്ല

ഏതാനും വർഷം മുമ്പ് ഇടപ്പള്ളിയിലെ ഈ സ്ഥാപനത്തിന്റെ ഓഫീസിൽ പ്രമുഖ പാർട്ടിയുടെ യുവജന സംഘടന അതിക്രമിച്ചു കയറിയാണ് ഇരകളെ രക്ഷിച്ചത്. ഭയന്നുപോയ ഇവർ ശമ്പളക്കുടിശ്ശികയും യാത്രാച്ചെലവും സർട്ടിഫിക്കറ്റുകളും കുട്ടികൾക്ക് നൽകേണ്ടിവന്നു. കെണിയിൽപ്പെടുത്തി വാങ്ങിയ സർട്ടിഫിക്കറ്റുകളും മറ്റും തിരികെ നൽകില്ലെന്ന് പറഞ്ഞായിരുന്നു പീഡനം. സംഭവത്തിനു ശേഷവും ഇതേ സ്ഥാപനം ഇവിടെത്തന്നെ തുടരുകയാണ്.

യുവതികൾക്ക് മാനഭംഗം വരെ

ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന യുവതികളെ സീനിയർമാർ അടുപ്പം നടിച്ചും പിന്തുണയ്ക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചും വലയിൽ വീഴ്ത്തും. മറ്റുള്ളവരേക്കാൾ സ്ഥാനക്കയറ്റവും ഉയർന്ന ശമ്പളവുമാണ് വാഗ്ദാനം. ഇവരെ ശാരീരിക പീഡനത്തിന് വിധേയരാക്കുക കൂടി ചെയ്യുന്നതോടെ യുവതികൾ കെണിയിലാകും. സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയുള്ള ഭീഷണിപ്പെടുത്തലുകളുമുണ്ട്.

നാളെ : ആരും കാണുന്നില്ല ഇവരുടെ വേദന