ആദിവാസി കലകളുമായി കുടുംബശ്രീയുടെ 'ജൻ ഗൽസ'

Tuesday 08 April 2025 4:35 AM IST

കൊല്ലം: സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ വിശദമായ സർവേ നടത്തി, മൺ​മറയാൻ സാദ്ധ്യതയുള്ള കലാരൂപങ്ങൾ കണ്ടെത്തി​ പ്രൊഫഷണൽ പ്രോഗ്രാമാക്കാൻ കുടുംബശ്രീ. 'ജൻ ഗൽസ' എന്ന പേരിൽ ഇവ നാട്ടിലെയും വിദേശത്തെയും അരങ്ങുകളിലെത്തിക്കും.

ഈ കലാരൂപങ്ങൾ വേദികളിൽ അവതരിപ്പിക്കാൻ പറ്റിയ ഗോത്രവിഭാഗക്കാരെ തിരഞ്ഞെടുത്ത് സംരംഭക യൂണിറ്റാക്കും. ഇവർക്ക് വേഷവിധാനങ്ങൾ, പ്രകാശം, ശബ്ദ സംവിധാനങ്ങൾ അടക്കം പ്രൊഫഷണൽ പ്രോഗ്രാമിന് ആവശ്യമായ ഘടകങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീ സാമ്പത്തിക സഹായം നൽകും. കലാരൂപങ്ങളുടെ തനിമ ചോരാതെ ആകർഷകമാക്കാൻ ഫോക്‌ലോർ അക്കാഡമി അടക്കമുള്ള ഏജൻസികളുടെയും ഫോക്‌ലോർ വിദഗ്ദ്ധരുടെയും സഹായവും തേടും. തുടർന്ന് നാട്ടിലും വിദേശത്തും അടക്കം വേദികൾ ലഭിക്കാനും ഇടപെടും. ആദ്യഘട്ടത്തിൽ നൂറു സംരംഭങ്ങളെങ്കിലും രൂപീകരിക്കുകയാണ് ലക്ഷ്യം.

 ബോധവത്കരണവും ലക്ഷ്യം

ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും വിവിധ ബോധവത്കരണ പ്രവർത്തനങ്ങളുമായി എത്തുമ്പോൾ ആദിവാസികളിൽ വലിയൊരു വിഭാഗം കാര്യമായി സഹകരിക്കാറില്ല. ഇതിന് പരിഹാരമായി അവരുടെ കലാരൂപങ്ങളിലൂടെ ശാസ്ത്രം, ആരോഗ്യം, ദുരന്ത നിവാരണം, ലഹരി പ്രതിരോധം, വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളിൽ ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

 ജൻ ഗൽസ

വയനാട്ടിലെ ഗോത്ര വിഭാഗമായ പണിയരുടെ ഭാഷയിൽ 'ഗൽസ' എന്ന വാക്കിന് ഉത്സവം എന്നാണ് അർത്ഥം. പണിയരുടെ ഗൽസ എന്ന വാക്ക് കടമെടുത്ത് ജനങ്ങളുടെ ഉത്സവം എന്ന അർത്ഥത്തിൽ ജൻ ഗൽസ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.