മുനമ്പം ജുഡിഷ്യൽ കമ്മിഷന് തുടരാം, സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേ

Tuesday 08 April 2025 4:49 AM IST

കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാർ നിയോഗിച്ച ജുഡിഷ്യൽ കമ്മിഷന്റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കമ്മിഷനെ നിയമിച്ച സർക്കാ‌ർ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ബെഞ്ച് സ്റ്റേ ചെയ്തു. എന്നാൽ, കോടതിയുടെ അനുമതിയില്ലാതെ കമ്മിഷൻ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കരുതെന്ന് നിർദ്ദേശിച്ചു. സർക്കാർ അപ്പീലിലാണ് ഇടക്കാല ഉത്തരവ്. ജൂൺ 16ന് വിശദവാദം കേൾക്കും.

മതിയായ രേഖയുള്ളവരെ സംരക്ഷിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷനെ നിയമിച്ചതെന്ന സർക്കാർ വാദത്തിൽ പ്രഥമദൃഷ്ട്യാ വസ്തുതയുണ്ടെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി. കമ്മിഷൻ റിപ്പോർട്ട് വഖഫ് ട്രൈബ്യൂണൽ തീരുമാനത്തെ ബാധിക്കില്ലെന്ന സർക്കാർ വാദവും കണക്കിലെടുത്തു.

കേരള വഖഫ് സംരക്ഷണ വേദിയടക്കം ഫയൽ ചെയ്ത ഹർജിയിൽ മാർ‌ച്ച് 17നാണ് കമ്മിഷൻ നിയമനം സിംഗിൾബെഞ്ച് റദ്ദാക്കിയത്. മുനമ്പത്തെ ഭൂമി തങ്ങളുടേതാണെന്ന വഖഫ് ബോർഡ് ഉത്തരവിനെ തുടർന്ന് പ്രദേശവാസികൾ സമരത്തിലാണ്.