മുനമ്പം വിഷയം വഷളാക്കിയത് സർക്കാർ : ചെന്നിത്തല

Tuesday 08 April 2025 1:01 AM IST

തിരുവനന്തപുരം: മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സർക്കാരെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ മനസു വച്ചിരുന്നെങ്കിൽ ഒരു മണിക്കൂർ കൊണ്ട് തീർക്കാൻ കഴിയുമായിരുന്ന വിഷയമാണ്. ഇപ്പോൾ കോടതിവിധി വന്ന് അന്വേഷണ കമ്മീഷനെ പുനസ്ഥാപിച്ചിരിക്കുന്നു. മുനമ്പം വിഷയത്തിൽ അവിടത്തെ ജനങ്ങളോട് എല്ലാ മുസ്ലിം സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്. ഈ സന്ദർഭത്തിൽ കൃത്യമായ പരിഹാര നിർദേശങ്ങളുമായി വന്നിരുന്നെങ്കിൽ വർഗീയമായി ജനങ്ങളെ വിഭജിക്കാതെ വിഷയം രമ്യമായി പരിഹരിക്കാമായിരുന്നു. മുനമ്പത്തു നിന്ന് ഒറ്റയാളെ പോലും കുടിയിറക്കാൻ അനുവദിക്കില്ല. പ്രശ്നപരിഹാരം സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചാൽ പ്രശ്നം ഉടനടി പരിഹരിക്കപ്പെടും. അതിനു പകരം വർഗീയമായി വഷളാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഉന്നം ഒന്നുതന്നെയാണ്. വഖഫ് ബിൽ വഴി പ്രശ്നപരിഹാരം ഉണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു.