KL 07 ഡി.ജി 0007: വില 46.24 ലക്ഷം! • കേരളത്തിലെ വിലയേറിയ ഫാൻസി വാഹന നമ്പർ

Tuesday 08 April 2025 4:06 AM IST

കൊച്ചി: കേരളത്തിലെ ഏറ്റവും വിലയേറിയ ഫാൻസി വാഹന നമ്പർ ഇനി എറണാകുളം ജില്ലയ്‌ക്ക് സ്വന്തം. എറണാകുളം ആർ.ടി ഓഫീസിന് കീഴിൽവരുന്ന കെ.എൽ. 07 ഡി.ജി 0007 എന്ന നമ്പരാണ് 46.24 ലക്ഷം രൂപയ്‌ക്ക് ഇന്നലെ ലേലത്തിൽ പോയത്. പരിവാഹൻ സൈറ്റിലെ ഓൺലൈൻ ലേലം രാവിലെ 10.30ന് അവസാനിച്ചപ്പോൾ ഈ നമ്പർ സ്വന്തമാക്കിയത് കൊച്ചി കേന്ദ്രമായുള്ള ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ.ടി കമ്പനി. കാക്കനാട് ഇൻഫോപാർക്കി​ലെ ലുലു ടവറി​ൽ പ്രവർത്തി​ക്കുന്ന സ്ഥാപനത്തിന്റെ ഉടമ വേണുഗോപാലകൃഷ്ണനാണ്.

കമ്പനി​യുടെ ലംബോർഗിനി ഉറൂസ് എസ്.യു.വിക്ക് വേണ്ടിയാണ് ഫാൻസി നമ്പർ. ഈ നമ്പറി​നായുള്ള ലേലത്തിൽ മത്സരിക്കാൻ 25000 രൂപയടച്ച് അഞ്ച് പേർ രംഗത്തുണ്ടായിരുന്നു.

കേരളത്തിൽ മുമ്പ് ഏറ്റവും ഉയർന്ന തുകയുടെ നമ്പർ ലേലം 2019ലായിരുന്നു. കെ.എൽ 01 സി.കെ. 0001 എന്ന നമ്പർ 31 ലക്ഷം രൂപയ്‌ക്കാണ് അന്ന് ലേലത്തിൽ പോയത്.

ഇന്നലെ എറണാകുളം ആർ.ടിഒയ്ക്ക് കീഴിലുള്ള കെ.എൽ 07 ഡിജി 0001 എന്ന നമ്പർ 25.52 ലക്ഷം രൂപയ്‌ക്ക് പിറവം സ്വദേശി തോംസൺ സാബു സ്വന്തമാക്കി. ഈ ലേലത്തിൽ ഒരു ലക്ഷം രൂപയാണ് കെട്ടിവയ്ക്കേണ്ട‌ിയിരുന്നത്. 07 ഡി.ജി 0007 ഫാൻസി നമ്പരിന്റെ ലേലത്തിലും തോംസൺ പങ്കെ‌ടുത്തിരുന്നു. ഫാൻസി നമ്പരുകൾ സ്വന്തമാക്കിയവർ അഞ്ച് ദിവസത്തിനകം ബാക്കി തുക ഒടുക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കണം.