ഉത്തരക്കടലാസ് കളഞ്ഞുപോയതിന് പകരമുള്ള പരീക്ഷ കടുകട്ടി 71ൽ 65പേർ പരീക്ഷയെഴുതി
തിരുവനന്തപുരം: ഉത്തരക്കടലാസുകൾ അദ്ധ്യാപകന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ടതിനെത്തുടർന്ന് നടത്തിയ എം.ബി.എ മൂന്നാം സെമസ്റ്ററിന്റെ പ്രോജക്ട് ഫിനാൻസ് പേപ്പറിന്റെ പ്രത്യേക പരീക്ഷ കടുകട്ടിയെന്ന് വിദ്യാർത്ഥികൾ. മുൻപരീക്ഷയേക്കാൾ ചോദ്യങ്ങൾ കടുപ്പമായിരുന്നു. 71വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്. ഇതിൽ 65പേർ ഇന്നലെ പരീക്ഷയെഴുതി (92%).
രണ്ടുപേർ വിദേശത്ത് നിന്നെത്തിയാണ് പരീക്ഷയെഴുതിയത്. ഒമാനിലുള്ള ഒരാൾക്ക് അവധി കിട്ടിയില്ല. ആറുപേർക്കായി 22ന് പ്രത്യേക പരീക്ഷ വീണ്ടും നടത്തും. ഇതിലും അസൗകര്യമുള്ളവർക്ക് മറ്റൊരു ദിവസം പരീക്ഷ നടത്തും. ഇന്നലെ പരീക്ഷയെഴുതിയവരുടെ അടക്കം ആയിരം വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ഫലം വ്യാഴാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കും. 22ന് പരീക്ഷയെഴുതുന്നവരുടെ ഫലം 3ദിവസത്തിനകം പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം ഡി.സി സ്കൂളിൽ 34ൽ മുപ്പതും സി.എച്ച്.എം.എം കോളേജിൽ 24ൽ 23ഉം അടൂർ യു.ഐ.എമ്മിൽ ആകെയുള്ള ഏഴും മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരാളും കൊല്ലം യു.ഐ.എമ്മിലെ രണ്ടുപേരും മെമ്പർ ശ്രീനാരായണ പിള്ള ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു വിദ്യാർത്ഥികളിൽ രണ്ടുപേരും പരീക്ഷയെഴുതി. 22ന് നടത്തുന്ന പരീക്ഷയ്ക്ക് എത്താൻ കഴിയാത്തവർ വിവരം സർവകലാശാലയെ നേരത്തേ അറിയിക്കണം.മൂല്യനിർണയത്തിന് നൽകിയ ഉത്തരക്കടലാസുകൾ പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലെ ഗസ്റ്റ് അദ്ധ്യാപകൻ പ്രമോദിന്റെ പക്കൽ നിന്ന് പാലക്കാട്ട് വച്ചാണ് നഷ്ടമായത്. പ്രമോദിനെ കോളേജ് പുറത്താക്കി. പരീക്ഷാ ഡ്യൂട്ടിയിൽ നിന്ന് സ്ഥിരമായി വിലക്കാനും പ്രത്യേക പരീക്ഷയുടെ ചെലവീടാക്കാനും തീരുമാനിച്ചേക്കും.